'തന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ നിർമിക്കുന്നു'; പരാതിയുമായി സച്ചിൻ തെണ്ടുൽക്കർ
മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബർ സെല്ലിലാണ് സച്ചിൻ പരാതി നൽകിയിരിക്കുന്നത്
Update: 2023-05-14 11:40 GMT
മുംബൈ: തന്റെ പേരും ശബ്ദവും ഫോട്ടോകളും വ്യാജ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ പരാതി നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ. മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബർ സെല്ലിലാണ് സച്ചിൻ പരാതി നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലാണ് സച്ചിന്റെ പേരും ചിത്രവും ഉപയോഗിച്ച് നിരവധി വ്യാജപരസ്യങ്ങൾ പ്രചരിക്കുന്നത്. ഒരു മരുന്ന് കമ്പനിയും സച്ചിന്റെ പേര് ഉപയോഗിച്ച് വെബ്‌സൈറ്റ് ഉണ്ടാക്കുകയും പരസ്യങ്ങൾ ചിത്രം ഉപയോഗിച്ചതായും പരാതിയിലുണ്ട്.
സച്ചിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ,മാനനഷ്ടം എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം മുംബൈ പൊലീസ് സൈബർ സെൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.