'കശ്മീർ, പാക് വിഷയങ്ങളിൽ വിവാദ പ്രസ്താവന നടത്തിയ ഉപദേഷ്ടാക്കളെ ഉടൻ പുറത്താക്കണം'; സിദ്ദുവിന് കോൺഗ്രസ് അന്ത്യശാസനം

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിദ്ദുവിന്റെ ടീമില്‍ ചേർന്ന ഡോ. പ്യാരേലാൽ ഗാർഗ്, മൽവീന്ദർ മാലി എന്നിവരെ പുറത്താക്കാനാണ് കോൺഗ്രസ് കർക്കശമായ നിർദേശം നൽകിയിരിക്കുന്നത്

Update: 2021-08-26 09:39 GMT
Editor : Shaheer | By : Web Desk
Advertising

കശ്മീർ, പാകിസ്താൻ വിഷയങ്ങളിൽ വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ച ഉപദേഷ്ടാക്കളെ ഉടൻ പുറത്താക്കാൻ നവജ്യോത് സിങ് സിദ്ദുവിന് കോൺഗ്രസ് അന്ത്യശാസനം. അടുത്തിടെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്റെ ടീമിൽ ചേർന്ന ഡോ. പ്യാരേലാൽ ഗാർഗ്, മൽവീന്ദർ മാലി എന്നിവർക്കെതിരെ നടപടി സ്വീകരിക്കാനാണ് കോൺഗ്രസ് കർക്കശമായ നിർദേശം നൽകിയിരിക്കുന്നത്. സ്വയം പുറത്താക്കാൻ തയാറായില്ലെങ്കിൽ തങ്ങളതു ചെയ്യുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

ഏതെങ്കിലും ക്യാംപുകൾ മാത്രമല്ല (വിവാദ പ്രസ്താവനകളോട്) വിയോജിപ്പ് അറിയിച്ചത്. പാർട്ടി ഒന്നടങ്കം എതിർപ്പറിയിച്ചിട്ടുണ്ട്. ജമ്മു കശ്മീർ വിഷയത്തിൽ പാർട്ടിക്ക് ഒരു നിലപാടാണുള്ളത്-അത് കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നതാണ്-പഞ്ചാബ് കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിവാദമുണ്ടാക്കിയ ഉപദേഷ്ടാക്കളെ പാർട്ടിയല്ല നിയമിച്ചതെന്നും റാവത്ത് വ്യക്തമാക്കി. സിദ്ദുവിനോട് അവരെ പുറത്താക്കാൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹം അക്കാര്യം അനുസരിച്ചില്ലെങ്കിൽ ഞാനത് ചെയ്യും. പാർട്ടിക്ക് കുഴപ്പമുണ്ടാക്കുന്ന ആളുകളെ നമുക്ക് ആവശ്യമില്ല-അദ്ദേഹം കൂട്ടിച്ചേർത്തു.

ദിവസങ്ങൾക്ക് മുൻപ് ഫേസ്ബുക്കിലാണ് മൽവീന്ദർ മാലി വിവാദ കുറിപ്പിട്ടത്. ഇന്ത്യയും പാകിസ്താനും ഒരുപോലെ കശ്മീരിനെ അനധികൃതമായാണ് കൈവശം വച്ചിരിക്കുന്നതെന്നായിരുന്നു മാലിയുടെ നിലപാട്. പാകിസ്താനുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടത്തുന്ന പ്രസ്താവനകളെ കുറ്റപ്പെടുത്തിയതിനാണ് ഡോ. പ്യാരേലാൽ ഗാർഗിക്കെതിരെ വിമർശനങ്ങൾ ഉയരുന്നത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News