ബി.ജെ.പി സർക്കാരിനെ താഴെയിറക്കാൻ വോട്ട് ജിഹാദ് നടത്തണമെന്ന് ആഹ്വാനം; സൽമാൻ ഖുർഷിദിനും ബന്ധുവിനുമെതിരെ കേസ്
യു.പിയിലെ ഫാറൂഖാബാദിൽ ഇൻഡ്യ മുന്നണി സ്ഥാനാർഥിയും എസ്.പി നേതാവുമായ ഡോ. നവാൽ കിഷോറിന്റെ പ്രചാരണ പരിപാടിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് നടപടി
ലഖ്‌നൗ: മതത്തിന്റെ പേരിൽ വോട്ട് തേടിയെന്ന് ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനും ബന്ധുവിനുമെതിരെ കേസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചിറങ്ങി വോട്ട് ജിഹാദ് നടത്തണമെന്ന ആഹ്വാനത്തിന്റെ പേരിലാണു നടപടി. യു.പിയിലെ ഫാറൂഖാബാദ് പൊലീസ് ആണ് ഖുർഷിദിനും അനന്തരവളും സമാജ്‌വാദി പാർട്ടി നേതാവുമായ മറിയ ആലം ഖാനുമെതിരെ കേസെടുത്തിരിക്കുന്നത്.
ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ഇൻഡ്യ മുന്നണി സ്ഥാനാർഥിയും എസ്.പി നേതാവുമായ ഡോ. നവാൽ കിഷോർ ഷാക്യയുടെ പ്രചാരണ പരിപാടിയിൽ മറിയ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പൊലീസ് നടപടി. വൈകാരികമല്ലാതെ, യുക്തിപൂർവവും വിവേചനബുദ്ധിയോടെയും വോട്ട് ചെയ്യാൻ എല്ലാവരും ഒറ്റക്കെട്ടായി ഇറങ്ങണമെന്നും കേന്ദ്ര ഭരണത്തിലുള്ളവരെ താഴെയിറക്കാൻ വോട്ട് ജിഹാദ് നടത്തണമെന്നുമായിരുന്നു പ്രസംഗത്തിൽ അവർ ആവശ്യപ്പെട്ടത്. ഇത് മതത്തിന്റെ പേരിലുള്ള വോട്ടഭ്യർഥനയാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും ഫാറൂഖാബാദ് എസ്.പി വികാസ് കുമാർ പറഞ്ഞു.
നമ്മൾ ഒന്നിച്ചുനിന്നില്ലെങ്കിൽ നമ്മുടെ സ്വത്വം ഇല്ലാതാകുമെന്നും അതിനാണ് സംഘി ഭരണകൂടം ശ്രമിക്കുന്നതെന്നും പ്രസംഗത്തിൽ മറിയ ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടിലൂടെ ജിഹാദ് നടത്തുകയും സംഘി ഭരണകൂടത്തെ തോൽപിക്കുകയും മാത്രമാണു മുന്നിലുള്ള വഴി. ചില മുസ്‌ലിംകൾ(ബി.ജെ.പി സ്ഥാനാർഥി) മുകേഷ് രജ്പുത്തിനു വേണ്ടി യോഗം ചേർന്നതായി അറിയാനായി. ലജ്ജ തോന്നുന്നു ഇതു കേട്ടിട്ട്. അവരെ സമുദായം ബഹിഷ്‌ക്കരിക്കണം. ഇത്രത്തോളം സ്വാർഥരായി നമ്മുടെ മക്കളുടെ ജീവിതം അപകടത്തിലാക്കരുതെന്നും പ്രസംഗത്തിൽ പറയുന്നുണ്ട്.
സൽമാൻ ഖുർഷിദും ഭാര്യ ലൂയിസ് ഖുർഷിദും വേദിയിലിരിക്കെയായിരുന്നു പ്രസംഗം. ഇവരും എസ്.പി സ്ഥാനാർഥിക്കു വേണ്ടി വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, മറിയ ആലം ഖാന്റെ പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് പെരുമാറ്റച്ചട്ടലംഘനം ആരോപിച്ച് ഫാറൂഖാബാദിലെ കൈംഗഞ്ച് പൊലീസ് കേസെടുത്തത്. ഐ.പി.സി 295-എ, 188, ജനപ്രാതിനിധ്യ നിയമത്തിലെ 125 വകുപ്പുകളാണ് ഖുർഷിദിനും മറിയയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
മുൻ എം.എൽ.എയും എസ്.പി നേതാവുമായ ഇസ്ഹാർ ആലം ഖാന്റെ മകളാണ് മറിയ. നിലവിൽ എസ്.പിയുടെ ഫാറൂഖാബാദ് ജില്ലാ അധ്യക്ഷ കൂടിയാണ്.
മേയ് 13നു നാലാംഘട്ടത്തിലാണ് ഫാറൂഖാബാദിൽ വോട്ടെടുപ്പ് നടക്കുന്നത്. 2019ൽ ബി.എസ്.പിയുടെ മനോജ് അഗർവാളിനെ 2,21,702 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോൽപിച്ച മുകേഷ് രജ്പുത്തിനെ തന്നെയാണ് ബി.ജെ.പി ഇത്തവണയും നിർത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ മണ്ഡലത്തിൽനിന്നു ജനവിധി തേടിയ സൽമാൻ ഖുർഷിദിന് വെറും 55,258 വോട്ട് മാത്രമാണ് നേടാനായത്.
Summary: Congress leader Salman Khurshid, niece Maria Alam Khan booked over her ‘vote jihad’ appeal at UP rally