'എന്‍റെ പിതാവ്, എല്ലാവരുടേയും നേതാജി- ഇനിയില്ല'; മുലായത്തിന്‍റെ വിയോഗത്തില്‍ വിതുമ്പി അഖിലേഷ്

ഇന്ന് രാവിലെയാണ് സമാജ്‍വാദി പാര്‍ട്ടി സ്ഥാപക നേതാവും യുപി മുന്‍മുഖ്യമന്ത്രിയുമായിരുന്ന മുലായം സിങ് യാദവ് അന്തരിച്ചത്

Update: 2022-10-10 06:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഗുരുഗ്രാം: പിതാവ് മുലായം സിങ് യാദവിന്‍റെ മരണത്തില്‍ വികാരധീനനായി മകനും സമാജ് പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ അഖിലേഷ് യാദവ്. തന്‍റെ പിതാവും എല്ലാവരുടെയും നേതാജിയും ഇപ്പോള്‍ ഇല്ലെന്ന് അഖിലേഷ് ട്വീറ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് സമാജ്‍വാദി പാര്‍ട്ടി സ്ഥാപക നേതാവും യുപി മുന്‍മുഖ്യമന്ത്രിയുമായിരുന്ന മുലായം സിങ് യാദവ് അന്തരിച്ചത്. ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. അഖിലേഷ് യാദവാണ് മരണവാര്‍ത്ത പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചത്. ആഗസ്ത് 22 നാണ് മുലായത്തെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 2ന് രാത്രി അദ്ദേഹത്തെ സിസിയുവിലേക്ക് (ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്) മാറ്റി. കഴിഞ്ഞ അഞ്ച് ദിവസമായി മുലായം സിംഗ് യാദവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. അഖിലേഷും ഭാര്യ ഡിംപിളും ആശുപത്രിയിലെത്തിയിരുന്നു.

1989-ല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് മുലായം സിങ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. അതിന് ശേഷം കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്താനായിട്ടില്ല. 1989 മുതല്‍ 2007 വരെ മൂന്ന് തവണകളായി മുലായം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി.1996 ജൂണ്‍ മുതല്‍ 1998 മാര്‍ച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News