മുംബൈ ലഹരിക്കേസിലെ കോഴ ആരോപണം; എൻസിബി ഡയറക്ടർ സമീർ വാങ്കഡെയെ നാളെ ചോദ്യം ചെയ്യും
ആര്യന്റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതിയിൽ നാളെയും വാദം തുടരും .
മുംബൈ ലഹരിക്കേസിലെ സാക്ഷി പ്രഭാകർ സെയിലിന്റെ കോഴ ആരോപണത്തിൽ എൻസിബി ഡയറക്ടർ സമീർ വാങ്കഡെയെ നാളെ ചോദ്യം ചെയ്യും . സമീറിനെതിരെ കൂടുതൽ ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കും രംഗത്തെത്തി.
ആര്യന് അന്താരാഷ്ട്ര ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് എൻസിബി കോടതിയെ അറിയിച്ചു . ആര്യന്റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതിയിൽ നാളെയും വാദം തുടരും .
ആഡംബര കപ്പലിൽ ആര്യൻഖാൻ എത്തിയത് അതിഥിയായിട്ടാണെന്നു ജാമ്യപേക്ഷയിൽ മുകുൾ റോത്തഗി വാദിച്ചു. വാട്സ്ആപ് ചാറ്റുകൾ ഉപയോഗിച്ച് ലഹരി ബന്ധം തെളിയിക്കാനാവില്ലെന്നും റോത്തഗി പറഞ്ഞു. എന്നാൽ ആര്യൻഖാന് അന്താരാഷ്ട്ര ലഹരി മാഫിയയുമായി ബന്ധമുണ്ടന്നു ചൂണ്ടിക്കാട്ടിയാണ് എൻ.സി.ബി എതിർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
എൻ.സി,ബി ഉദ്യോഗസ്ഥൻ അയച്ച കത്ത് ഉയർത്തിക്കാട്ടി മഹാരാഷ്ട്ര ന്യൂനപക്ഷ മന്ത്രി സമീർ വാങ്കഡെയെ വെട്ടിലാക്കി. പേര് വയ്ക്കാതെ ഉദ്യോഗസ്ഥൻ അയച്ച കത്തിൽ വാങ്കഡെ അന്വേഷിച്ച 26 കേസുകളുടെ വിശദമായ വിവരമുണ്ട്. ഒരു അഭിഭാഷകൻ മുഖേന ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി വാങ്കഡേ വൻതുക കൈപ്പറ്റുകയാണെന്നു കത്തിൽ പറയുന്നു. ദീപിക പദുകോൺ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിങ്, സാറ അലിഖാൻ തുടങ്ങിയവരെ വാങ്കഡെ ഭീഷണിപ്പെടുത്തിയെന്നു കത്തിൽ പറയുന്നു. ഈ കത്തിൽ പരാതി എടുക്കണമെന്ന് ആവശ്യപ്പെട്ടു എൻ സി ബി ഡയറക്ടർ ജനറലിന് നവാബ് മാലിക് അയച്ചു. എൻ സി ബിയുടെ ആസ്ഥാനത്ത് എത്തി ഡയറക്റ്റർ ജനറലിനെ വാങ്കഡെ സന്ദശിച്ചു. തനിക്കു സ്ഥലം മാറ്റം ഉണ്ടാകുമെന്ന് പ്രചാരണത്തെ തമാശയായിട്ടാണ് കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.