ശിവസേനയും ബി.ജെ.പിയും തമ്മില്‍ ആമിര്‍ ഖാനെയും കിരണ്‍റാവുവിനെയും പോലെ: സഞ്ജയ് റാവത്ത്

'ഞങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനുമല്ല. ആമിര്‍ ഖാനെയും കിരണ്‍ റാവുവിനെയും നോക്കൂ, ഞങ്ങള്‍ അവരെപ്പോലെയാണ്. ഞങ്ങളുടെ രാഷ്ട്രീയ വഴികള്‍ വ്യത്യസ്തമായിരിക്കാം പക്ഷേ ഞങ്ങളുടെ സൗഹൃദം തുടരും'-റാവത്ത് പറഞ്ഞു.

Update: 2021-07-05 09:33 GMT
Advertising

ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള ബന്ധം കഴിഞ്ഞ ദിവസം വിവാഹ മോചിതരായ നടന്‍ ആമിര്‍ ഖാനും സംവിധായിക കിരണ്‍റാവുവും തമ്മിലുള്ള ബന്ധം പോലെയാണെന്നാണ് ശിവസേന വക്താവ് സഞ്ജയ് റാവത്ത്. ബി.ജെ.പിയും ശിവസേനയും തമ്മില്‍ വീണ്ടും സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.

'ഞങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനുമല്ല. ആമിര്‍ ഖാനെയും കിരണ്‍ റാവുവിനെയും നോക്കൂ, ഞങ്ങള്‍ അവരെപ്പോലെയാണ്. ഞങ്ങളുടെ രാഷ്ട്രീയ വഴികള്‍ വ്യത്യസ്തമായിരിക്കാം പക്ഷേ ഞങ്ങളുടെ സൗഹൃദം തുടരും'-റാവത്ത് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ആമിര്‍ ഖാനും കിരണ്‍റാവുവും വിവാഹമോചിതരായത്. തങ്ങളുടെ ബന്ധം മാത്രമാണ് മാറുന്നതെന്നും ഒരു കുടുംബമായി തന്നെ തുടരുമെന്നും ഇരുവരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിനെ ഉദ്ധരിച്ചാണ് സഞ്ജയ് റാവത്ത് ശിവസേന ബി.ജെ.പി ബന്ധത്തെ നിര്‍വചിച്ചിരിക്കുന്നത്.

ശിവസേന ഒരിക്കലും ബി.ജെ.പിയുടെ ശത്രുവല്ലെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. ശിവസേനയുമായി വീണ്ടും സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിന് സാഹചര്യങ്ങള്‍ വിലയിരുത്തി ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന മറുപടിയാണ് ഫഡ്‌നാവിസ് നല്‍കിയത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബി.ജെ.പി-ശിവസേന സഖ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമായത്. കൂടിക്കാഴ്ചക്ക് പിന്നാലെ സഞ്ജയ് റാവത്ത് മോദിയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. മോദി രാജ്യത്തെ ഏറ്റവും ഉന്നത നേതാവാണെന്നായിരുന്നു അന്ന് സഞ്ജയ് റാവത്തിന്റെ പ്രതികരണം.


Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News