'ആ ദിവസങ്ങളില്‍ ഞാന്‍ പത്രവായന അപ്പാടെ നിര്‍ത്തി'; സുനന്ദയുടെ മരണാനന്തരമുണ്ടായ വേട്ടയാടലിനെക്കുറിച്ച് ശശി തരൂര്‍

'എന്‍റെ ഭാര്യ മരിച്ചപ്പോള്‍ അനുശോചിക്കാന്‍ വന്നവര്‍ പോലും വിരുന്നു സത്കാരങ്ങളില്‍ പോകുമ്പോള്‍ എനിക്കെതിരെ കൊള്ളാത്ത കാര്യങ്ങള്‍ പറഞ്ഞു'

Update: 2021-08-18 06:44 GMT
Advertising

ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണാനന്തരം താന്‍ വേട്ടയാടപ്പെട്ടതിനെക്കുറിച്ച് ശശി തരൂരിന്‍റെ തുറന്നു പറച്ചില്‍. തനിക്ക് തന്റെ തന്നെ പ്രതിരോധ നിര തീര്‍ത്തേ തീരൂ, അതിനാല്‍ ആ സംഭവം നടന്ന ദിവസങ്ങളില്‍ പത്രവായന പോലും അപ്പാടെ നിര്‍ത്തിയെന്നാണ് ശശി തരൂര്‍ വ്യക്തമാക്കുന്നത്. മാതൃഭൂമി ഓണപതിപ്പിനു നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്‍റെ വെളിപ്പെടുത്തല്‍.

വേട്ടയാടല്‍ ഇനിയും കഴിഞ്ഞിട്ടില്ല, അത് ഇടയ്ക്കിടെ തലപൊക്കാറുണ്ട്. എന്‍റെ ഭാര്യ മരിച്ചപ്പോള്‍ അനുശോചിക്കാന്‍ വന്നവര്‍ പോലും വിരുന്നു സത്കാരങ്ങളില്‍ പോകുമ്പോള്‍ എനിക്കെതിരെ കൊള്ളാത്ത കാര്യങ്ങള്‍ പറയുന്നു, തരൂര്‍ മനസ്സുതുറന്നു. ഈ വസ്തുതയുമായി ചേര്‍ന്ന് ജീവിച്ചേ കഴിയൂ എന്നും ആളുകളെ മുഖവിലയ്ക്കെടുക്കുന്നതാണ് എളുപ്പമായി തോന്നിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിങ്ങളുടെ സ്ഥിതസ്വത്വമാണ് നിങ്ങളുടെ ഏറ്റവും വലിയ സ്വത്ത്. രാവിലെ എഴുന്നേറ്റ് കണ്ണാടിക്കു മുന്നില്‍ നിന്ന് ഏത് ദൈവത്തെയാണോ നിങ്ങള്‍ ആരാധിക്കുന്നത് അദ്ദേഹത്തോട്, 'ഞാന്‍ ഒരു തെറ്റും ചെയ്തില്ലെന്ന് എനിക്കറിയാം' എന്ന് പറയാനാകുമെങ്കില്‍ അതാണ് നിങ്ങളെ മുന്നോട്ട് നയിക്കാന്‍ പോരുന്ന ശക്തിയെന്നും തരൂര്‍ പറയുന്നു. 

അതേസമയം, സുനന്ദ പുഷ്​കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തരൂരിനെ കുറ്റവിമുക്​തനാക്കിക്കൊണ്ട് ഡൽഹി റോസ്​ അവന്യു കോടതിയുടെ നിര്‍ണായക വിധി പുറത്തുവന്നിരിക്കുകയാണ്. നേരത്തെ ആത്​മഹത്യപ്രേരണക്കുറ്റവും ഗാർഹിക പീഡനവും തരൂരിനെതിരെ ചുമത്താമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഈ വാദം തള്ളിക്കൊണ്ടാണ്​ കോടതി ഉത്തരവ്. 

കുറ്റംചുമത്താനുള്ള തെളിവുകൾ ശശി തരൂരിനെതിരെയില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റവിമുക്തനാക്കിയത്. സുനന്ദ പുഷ്​കറിന്‍റെ മരണം ആത്​മഹത്യയാണെന്ന്​ തെളിയിക്കാൻ പ്രോസിക്യൂഷന് ഇതുവരെ കഴിഞ്ഞിട്ടില്ല, ആത്​മഹത്യയാണെന്ന്​ പോലും തെളിയിക്കാൻ കഴിയാത്ത കേസിൽ തനിക്കെതിരെ എങ്ങനെ കുറ്റം ചുമത്തുമെന്നായിരുന്നു തരൂരിന്‍റെ പ്രധാന വാദം. സുനന്ദ പുഷ്​കറിന്​ നിരവധി അസുഖങ്ങളുണ്ടായിരുന്നുവെന്നും മരണം സ്വാഭാവികമായിരുന്നുവെന്നും തരൂര്‍ വാദിച്ചു. 

2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഢംബര ഹോട്ടലില്‍ സുനന്ദ പുഷ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന ആരോപണം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News