'ബിജെപി തുടച്ചുനീക്കപ്പെടും'; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് സത്യപാൽ മാലിക്

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചതായി മുൻ ജമ്മു കശ്മീർ ​ഗവർണറായ സത്യപാൽ മാലിക് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Update: 2024-09-22 14:42 GMT
Advertising

മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേന (യുബിടി)- കോൺ​ഗ്രസ്- ശരദ്പവാർ എൻസിപി സഖ്യമായ മഹാവികാസ് അഘാഡിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് മുൻ ജമ്മു കശ്മീർ ​ഗവർണർ സത്യപാൽ മാലിക്. ഈ തെരഞ്ഞെടുപ്പിൽ ബിജെപി തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രിയും ശിവസേന (യുബിടി) മേധാവിയുമായ ഉദ്ധവ് താക്കറെയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച ശേഷമായിരുന്നു സത്യപാലിന്റെ പ്രതികരണം.

'ബിജെപിക്ക് വലിയ പ്രഹരമുണ്ടാവുമെന്ന് മാത്രമല്ല, അവർ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ തുടച്ചുനീക്കപ്പെടുകയും ചെയ്യും. ഈ തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ ഏറെ പ്രധാന പങ്ക് വഹിക്കും. നിങ്ങളൊട്ടും വിഷമിക്കേണ്ട'- അദ്ദേഹം പറഞ്ഞു. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച സത്യപാൽ മല്ലിക്, ഈ തെര‍ഞ്ഞെടുപ്പ് ബിജെപിയുടെ ശവപ്പെട്ടിയിലെ അവസാന ആണിയായിരിക്കുമെന്നും ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് രാജ്യത്തിൻ്റെ മുഴുവൻ രാഷ്ട്രീയ ഭൂപ്രകൃതിയെയും മാറ്റിമറിക്കുമെന്ന് അദ്ദേഹം ശനിയാഴ്ച പറഞ്ഞിരുന്നു. രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചതായി നേരത്തെ സത്യപാൽ മാലിക് വെളിപ്പെടുത്തിയിരുന്നു. വീഴ്ച മറച്ചുവയ്ക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നും ദി വയറിനു നൽകിയ അഭിമുഖത്തിൽ സത്യപാൽ പറഞ്ഞിരുന്നു. ആക്രമണം ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

പുൽവാമ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണ്. ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടു. പക്ഷെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിക്കുകയായിരുന്നു. ഈ വീഴ്ച മറച്ചുവയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും തന്നോട് നേരിട്ട് ആവശ്യപ്പെട്ടെന്നും സത്യപാൽ മാലിക് വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നടക്കുന്ന അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യാതൊരു പ്രശ്നമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സിആർപിഎഫ്‌ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ 49 ജവാന്മാർക്ക് ജീവൻ നഷ്ടമായത്. കേന്ദ്ര റിസർവ് പൊലീസ് സേനയിലെ 2500 ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു. ദേശീയപാത 44ൽ അവന്തി പുരയ്ക്കടുത്ത് സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ വാൻ, വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 49 സൈനികർ തൽക്ഷണം കൊല്ലപ്പെട്ടു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാറുമുണ്ടായിരുന്നു.

വെളിപ്പെടുത്തലിന് പിന്നാലെ അദ്ദേഹത്തിനു വസതിയിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. കിരു ജലവൈദ്യുത പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. വിവിധ വിഷയങ്ങളിൽ മോദി ഭരണകൂടത്തെ താൻ രൂക്ഷമായി വിമർശിക്കുന്നതാണ് റെയ്ഡിന് കാരണമെന്ന് സത്യപാൽ മാലിക് തുറന്നുപറഞ്ഞിരുന്നു. റെയ്ഡിന് പിന്നാലെ മോദി ‘സ്വേച്ഛാധിപതി’ എന്നാണ് മോദിയെ സത്യപാൽ മാലിക് വിശേഷിപ്പിച്ചത്.

‘സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്ത് ഏകാധിപതി എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്, ഞാനൊരു കർഷകന്റെ മകനാണ്. പേടിച്ച് ആരെയും വണങ്ങില്ല’ എന്നായിരുന്നു സത്യപാൽ മാലികിന്റെ പ്രതികരണം. പുൽവാമ ദുരന്തം മോദി സർക്കാരിന്റെ വീഴ്ചയാണെന്ന് തുറന്നുപറയുകയും അതിനെ ചോദ്യം ചെയ്തതുകൊണ്ടുമാണ് എന്നെ റെയ്ഡ് ചെയ്തത്. ഇതിനെക്കുറിച്ച് മിണ്ടാതിരിക്കാൻ മോദി എന്നോട് പറഞ്ഞു. എന്നാൽ ഞാൻ അത് പരസ്യമായി പറഞ്ഞത് അധികാരത്തിലിരുന്നരെ ചൊടിപ്പിച്ചുവെന്നും അതിന്റെ ഭാഗമായാണ് വേട്ടയാടൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2012ൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡൻ്റായിരുന്ന അദ്ദേഹത്തെ 2018 ആഗസ്റ്റിലാണ് ഒന്നാം മോദി സർക്കാർ ജമ്മു കശ്മീർ ​ഗവർണറായി നിയമിച്ചത്. അതിനു മുമ്പ് ബിഹാർ, ഒഡിഷ സംസ്ഥാനങ്ങളുടേയും ​ഗവർണറായിരുന്നു. 2019 ഒക്ടോബർ വരെ ജമ്മു കശ്മീരിൻ്റെ പത്താമത്തെയും അവസാനത്തെയും ഗവർണറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി 2019 ആഗസ്റ്റ് അഞ്ചിന് കേന്ദ്രം റദ്ദാക്കിയത്. നേരത്തെ, കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരായ കർഷകപ്രക്ഷോഭത്തെ പിന്തുണച്ചും സത്യപാൽ മാലിക് രം​ഗത്തെത്തിയിരുന്നു. 

ഇതിനിടെ, അദ്ദേഹത്തെ ഇസഡ് പ്ലസ് സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിലും കേന്ദ്ര സര്‍ക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചു. ജമ്മു കശ്മീരിലെ മുൻ ഗവർണർമാർക്കെല്ലാം നല്ല സുരക്ഷ നല്‍കുന്നുണ്ടെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്‍റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനായിരിക്കുമെന്നുമായിരുന്നു പ്രതികരണം.







Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News