ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് സുപ്രിംകോടതി; ആശുപത്രികൾക്കായി വിവിധ നിർദേശങ്ങൾ
കാര്യങ്ങളിൽ മാറ്റം വരുത്താൻ മറ്റൊരു ബലാത്സംഗം കൂടിയുണ്ടാവാൻ രാജ്യത്തിന് കാത്തിരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ 'നാഷണൽ ടാസ്‌ക് ഫോഴ്‌സ്' (ദേശീയ ദൗത്യസേന) രൂപീകരിച്ച് സുപ്രിംകോടതി. നാവികസേന മെഡിക്കൽ ഡയറക്ടറുടെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന ദൗത്യ സംഘത്തിൽ ഡൽഹി എയിംസ് ഡയറക്ടറും ഉൾപ്പെടും. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ കോടതി ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉറപ്പുനൽകി. രാജ്യവ്യാപകമായി പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ശിപാർശ നൽകാൻ സംഘത്തോട് കോടതി നിർദേശിച്ചു.
'ഞങ്ങൾ ഒരു ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയാണ്. സീനിയർ, ജൂനിയർ ഡോക്ടർമാർക്ക് രാജ്യത്തുടനീളം നടപ്പാക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് അവർ ശിപാർശകൾ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- ചീഫ് ജസ്റ്റിസ് പറഞ്ഞു. കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടറുടെ പീഡനക്കൊലയിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.
ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ള മെഡിക്കൽ ജീവനക്കാരുടെ സുരക്ഷയ്ക്കായി വിവിധ നിർദേശങ്ങളും കോടതി മുന്നോട്ടുവച്ചു. അത്യാഹിത വിഭാഗത്തില്‍ അധിക സുരക്ഷ ഉറപ്പാക്കണം, ആയുധങ്ങൾ പ്രവേശിക്കുന്നത് തടയാൻ ബാഗേജ് സ്ക്രീനിങ് നടത്തണം, രോഗികളല്ലാത്തവരെ പരിധിക്കപ്പുറം അനുവദിക്കരുത്, ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാസംവിധാനങ്ങൾ വേണം, ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രത്യേകം വിശ്രമമുറികള്‍ ഒരുക്കണം, ബയോമെട്രിക്സ് തിരിച്ചറിയല്‍ സംവിധാനങ്ങള്‍ ഏർപ്പെടുത്തണം, എല്ലായിടത്തും സി.സി.ടി.വി സ്ഥാപിക്കണം, വെളിച്ചം വേണം, മെഡിക്കൽ പ്രൊഫഷനുകൾക്ക് രാത്രി 10 മുതൽ രാവിലെ ആറു വരെ ഗതാഗത സൗകര്യം ഏർപ്പെടുത്തണം, പ്രതിസന്ധികള്‍ മറികടക്കാന്‍ ശിൽപശാലകൾ നടത്തണം, സ്ഥാപനങ്ങളിലെ സുരക്ഷാ മൂന്നു മാസം കൂടുമ്പോള്‍ ഓഡിറ്റ് ചെയ്യണം, ആരോഗ്യപ്രവര്‍ത്തകരുടെ അടിയന്തര ആവശ്യങ്ങൾക്കായി ഹെൽപ്പ് ലൈൻ നമ്പർ വേണം, എല്ലാ ആശുപത്രികളിലും ആഭ്യന്തര സമിതി രൂപീകരിക്കണം- എന്നിവയാണ് നിർദേശങ്ങൾ.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംഭവത്തിൽ രാജ്യത്തുടനീളമുള്ള ഡോക്ടർമാരുടെ സുരക്ഷയിൽ ബെഞ്ച് അഗാധമായ ആശങ്ക രേഖപ്പെടുത്തി. 'കൊൽക്കത്തയിൽ ബലാത്സംഗത്തിന് ഇരയായ ഡോക്ടറുടെ പേരും ഫോട്ടോയും വീഡിയോ ക്ലിപ്പും പ്രചരിച്ചതിൽ ഞങ്ങൾക്ക് അഗാധമായ ആശങ്കയുണ്ട്. ഇരകളുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നത് നിയമം വിലക്കുന്നുണ്ട്. ജീവൻ നഷ്ടപ്പെട്ട യുവ ഡോക്ടർക്ക് ബഹുമാനം നൽകുന്നത് ഇങ്ങനെയാണോ?' ബെഞ്ച് ചോദിച്ചു.
കാര്യങ്ങളിൽ മാറ്റം വരുത്താൻ മറ്റൊരു ബലാത്സംഗത്തിന് രാജ്യത്തിന് കാത്തിരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതുവരെ കേസന്വേഷണവുമായി ബന്ധപ്പെട്ട സ്ഥിതിവിവരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അന്വേഷണ പുരോഗതി അറിയിക്കാനും സി.ബി.ഐയോട് കോടതി നിർദേശിച്ചു. വ്യാഴാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബലാത്സംഗക്കൊലയിൽ പൊലീസിനെതിരെ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്. 'യുവതിയുടെ മൃതദേഹം സംസ്‌കാരത്തിനു കൈമാറി മൂന്നു മണിക്കൂറും കഴിഞ്ഞാണ് സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളജിലെ പ്രിൻസിപ്പലും പൊലീസും അതുവരെ എന്തെടുക്കുകയായിരുന്നു? ഗുരുതരമായ കുറ്റകൃത്യമാണു നടന്നത്. സംഭവം നടക്കുന്നത് ആശുപത്രിയിലും. ഈ സമയത്ത് ഇവരെല്ലാം എന്തു ചെയ്യുകയായിരുന്നു?'- കോടതി ചോദിച്ചു.
ക്രിമിനലുകളെ ആശുപത്രിയിൽ കടക്കാൻ അനുവദിച്ചില്ലേ അധികൃതര്‍ ചെയ്തതെന്നും കോടതി കുറ്റപ്പെടുത്തി. കൊലപാതകമാണു നടന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ, രാത്രി 11.45നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അതുവരെയും ആശുപത്രി അധികൃതർ എന്ത് ചെയ്യുകയായിരുന്നു? അസ്വാഭാവിക മരണം രജിസ്റ്റര്‍ ചെയ്തതിനെ എഫ്.ഐ.ആർ എന്ന് അവകാശപ്പെടാനാകില്ലെന്നും കോടതി വിശദാക്കി. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് സുപ്രിംകോടതി സ്വമേധയാ കേസെടുത്തതും പരിഗണിച്ചതും.