മണിപ്പൂർ: രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് സുപ്രിംകോടതി
അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിലും അന്വേഷണം നടത്താൻ നിർദേശം
ഡല്‍ഹി: മണിപ്പൂർ കലാപത്തിൽ സുപ്രിംകോടതി നിയോഗിച്ച സമിതിയോട് രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ നിർദേശം. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിലും അന്വേഷണം നടത്താൻ സുപ്രിംകോടതി നിർദേശം നൽകി. അന്വേഷണത്തിന് സഹായം നല്‍കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാറുകളോട് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു റിപ്പോർട്ടുകളും ഒക്ടോബർ 13ന് കോടതി പരിഗണിക്കും.
ഹൈക്കോടതി മുന്‍ വനിതാ ജഡ്ജിമാർ അടങ്ങുന്ന സമിതിയെയാണ് കലാപത്തെ കുറിച്ച് അന്വേഷിക്കാൻ സുപ്രിംകോടതി നിയോഗിച്ചത്. മുൻ ജഡ്ജിമാരായ ഗീത മിത്തൽ, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്നതാണ് സമിതി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ സ്വഭാവം അന്വേഷിക്കാനും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ ശാരീരികവും മാനസികവുമായ സ്ഥിതി അന്വേഷിക്കാനും ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനും ഇവരെ ചുമതലപ്പെടുത്തി.
സ്വമേധയാ എടുത്ത കേസും വിവിധ ഹരജികളും പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഇടപെടല്‍. മഹാരാഷ്ട്ര മുന്‍ ഡി.ജി.പി ദത്താത്രയ് പദ്‌സാൽഗിക്കറോട് 42 പ്രത്യേക അന്വേഷണ സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ നിര്‍ദേശിച്ചു. മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 6500ലധികം കേസുകളാണ് പ്രത്യേക സംഘം അന്വേഷിക്കുക.
മണിപ്പൂരിലെ സി.ബി.ഐ അന്വേഷണം തടയുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, നിലവിലെ സംഘത്തോടൊപ്പം കോടതി നിയോഗിച്ച അഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി. വിവിധ സംസ്ഥാന പൊലീസുകളിൽ നിന്നായി ഡി.വൈ.എസ്.പി റാങ്കിലുള്ളവരെയാണ് ഉള്‍പ്പെടുത്തിയത്.