മുന്നണികൾ പ്രചാരണ ചൂടിലേക്ക്; സീറ്റ് ചർച്ചകൾ അന്തിമഘട്ടത്തിൽ
കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും.
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സീറ്റ് വിഭജന ചർച്ചകൾ ഉടൻ അവസാനിപ്പിച്ചു പ്രചാരണം ശക്തമാക്കാൻ മുന്നണികൾ. ഇൻഡ്യാ മുന്നണി ചർച്ചകൾ ഏകദേശം പൂർത്തിയാക്കി. എൻ.ഡി.എയിൽ നിന്ന് അസംതൃപ്രായി പുറത്തേക്ക് വരുന്ന പാർട്ടികളെ വലവിരിച്ചാണ് ബിഹാറിൽ ഇൻഡ്യാ മുന്നണിയുടെ കത്തിരിപ്പ്. നിതീഷ് കുമാറിന്റെ ശക്തനായ വിമർശകനായിരുന്ന ചിരാഗ് പാസ്വാനാണു എൻ.ഡി.എയിൽ കൂടുതൽ അതൃപ്തി. നിതീഷ് ബി.ജെ.പി മുന്നണിയിലേക്ക് എത്തിയതോടെ ചിരാഗ് ഒതുക്കപ്പെട്ടു. എൻ.ഡി.എ നൽകുന്നത് അഞ്ച് സീറ്റാണെങ്കിൽ 10 സീറ്റ് ആണ് ഇൻഡ്യാ മുന്നണിയുടെ വാഗ്ദാനം.
മഹാരാഷ്ട്രയിൽ എൻ.ഡി.എ മുന്നണിയിൽ അജിത് പവാറിന് നൽകിയ സീറ്റ് കുറഞ്ഞതിന്റെ അതൃപ്തി അവർക്കുമുണ്ട്. മുംബൈയിൽ നടന്ന ഭാരത് ജോഡോ ന്യായ് യാത്ര സമാപനത്തോടെ ഇൻഡ്യാ മുന്നണിയിലെ തർക്കങ്ങൾ അവസാനിച്ചു. ശരത് പവാർ പക്ഷ എൻ.സി.പി, ഉദ്ധവ് താക്കറെ പക്ഷ ശിവസേന എന്നിവർക്കിടയിലെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിച്ചു. കൂടുതൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ബി.ജെ.പി ഒരുപടി മുന്നിലാണ്. നാളെ നടക്കുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തോടെ കോൺഗ്രസ് പൂർണമായും പ്രചാരണത്തിരക്കിലാകും.