'മതേതരത്വം യൂറോപ്യൻ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; വിവാദ പരാമർശവുമായി തമിഴ്‌നാട് ഗവർണർ ആർ.എൻ രവി

മതേതരത്വത്തിന്റെ പേരിൽ ഇന്ത്യയിലെ ജനങ്ങൾ വഞ്ചിക്കപ്പെട്ടുവെന്നും ആർ.എൻ രവി

Update: 2024-09-23 16:16 GMT
Editor : rishad | By : Web Desk
Advertising

ചെന്നൈ: മതേതരത്വമെന്നത് യൂറോപ്യൻ ആശയമാണെന്നും ഇന്ത്യയിൽ ആവശ്യമില്ലെന്നും തമിഴ്നാട് ഗവർണർ ആർ.എൻ രവി. മതേതരത്വത്തിന്റെ പേരിൽ ഇന്ത്യയിലെ ജനങ്ങൾ വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരിയിൽ നടന്ന ചടങ്ങിലാണ് തമിഴ്‌നാട് ഗവർണറുടെ വിവാദ പ്രസ്താവന.

'' ഈ രാജ്യത്തെ ജനങ്ങള്‍ക്കെതിരെ പല തട്ടിപ്പുകളും നടന്നിട്ടുണ്ട്. അതില്‍ ഒന്ന് മതേതരത്വത്തിന്റെ തെറ്റായ വ്യാഖ്യാനമാണ്''- ഗവര്‍ണര്‍ പറഞ്ഞു. 

''മതേതരത്വം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? അതൊരു യൂറോപ്യൻ ആശയമാണ്, മതേതരത്വം ഒരു ഭാരതീയ സങ്കൽപ്പമല്ല. സഭയും രാജാവും തമ്മിൽ വഴക്കുണ്ടായതിനെ തുടര്‍ന്നാണ് യൂറോപ്പില്‍ മതേതരത്വം ഉയർന്നുവന്നത്. ദീർഘകാലമായി തുടരുന്ന ഈ സംഘർഷം അവസാനിപ്പിക്കാനാണ്, ഈ ആശയം രൂപപ്പെട്ടത്. ഇവിടെ അത്തരത്തിലൊന്നില്ല''- ഗവര്‍ണര്‍ വ്യക്തമാക്കി. 

അതേസമയം ഗവർണറുടെ പരാമർത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തി. ഗവർണറുടെ പരാമർശം ഭരണഘടനാ വിരുദ്ധമാണെന്ന് തമിഴ്‌നാട്ടിലെ വിരുദുനഗറിൽ നിന്നുള്ള കോൺഗ്രസ് എംപി മാണിക്കം ടാഗോർ പറഞ്ഞു. 

ഭരണഘടനയെ മാനിക്കാത്ത പ്രസ്താവനയാണ് ഗവര്‍ണറുടേതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് വിമര്‍ശിച്ചു. ഭരണഘടനയും വൈദേശിക സങ്കൽപ്പമാണെന്നാണോ ഗവർണർ കരുതുന്നത് എന്നും വൃന്ദ ചോദിച്ചു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News