ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ജോധ്പൂരിൽ സുരക്ഷ ശക്തമാക്കി
കലാപ ശ്രമം, നിയമ വിരുദ്ധമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്ക് എതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്
ജോധ്പൂർ: ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ രാജസ്ഥാനിലെ ജോധ്പൂരിൽ സുരക്ഷ ശക്തമാക്കി. നിരോധനാജ്ഞ ഇന്ന് അർധരാത്രി അവസാനിക്കും. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സംഘർഷം നടന്ന ജലോരിഗേറ്റ് പൂർണ പൊലീസ് സുരക്ഷയിലാണ് ഉള്ളത്. ഉദയ് മന്ദിർ, നാഗോരി ഗേറ്റ്, ഖണ്ഡ് ഫൽസ, പ്രതാപ് നഗർ, ദേവ് നഗർ, സുർ സാഗർ, സർദാർപുര എന്നിവിടങ്ങളിലാണ് നിലവിൽ കർഫ്യൂ തുടരുന്നത്. ഇന്ന് രാത്രി വരെ ആണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും സാഹചര്യം വിലയിരുത്തിയാകും നിരോധനാജ്ഞ പിൻവലിക്കുന്നത്. സംഘർഷവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് ഇത് വരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കലാപ ശ്രമം, നിയമ വിരുദ്ധമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്ക് എതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധമുള്ള എല്ലാ പ്രതികളെയും പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ട് വരുമെന്നാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പ്രഖ്യാപനം. എന്നാൽ ജോധ്പൂരിലുണ്ടായ സംഘർഷം അശോക് ഗെഹ്ലോട്ട് സർക്കാരിന്റെ വീഴ്ചയുടെ ഫലമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
അക്രമ സംഭവങ്ങളിൽ പൊലീസിനും പങ്കുണ്ടെന്നും കാര്യക്ഷമമായ അന്വേഷണം നടന്നില്ല എങ്കിൽ ജലോരിഗേറ്റിൽ സമരം ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി ഗജേന്ദ്ര ശിഖാവത്ത് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. കല്ലേറ് നടത്തിയ ആളുകളെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിയാൻ ആണ് പൊലീസിന്റെ ശ്രമം