രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നത് നിർത്തണം- ഭീമ കൊറേഗാവ് അന്വേഷണ സംഘത്തോട് ശരദ് പവാർ

''തങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാനും സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താനും 1870ൽ ബ്രിട്ടീഷ് ഭരണകൂടം കൊണ്ടുവന്നതാണ് രാജ്യദ്രോഹ നിയമം. ഇതേ നിയമം ഇപ്പോൾ സർക്കാരിനെ വിമർശിക്കുന്നവർക്കും വിമതശബ്ദങ്ങൾക്കുമെതിരെ പ്രയോഗിക്കുകയാണ്.''

Update: 2022-04-28 11:38 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നത് നിർത്തണമെന്ന് എൻ.സി.പി തലവൻ ശരദ് പവാർ. ഭീമ കൊറേഗാവ് അന്വേഷണ കമ്മീഷനു മുൻപാകെ അധിക സത്യവാങ്മൂലം സമർപ്പിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ(രാജ്യദ്രോഹം) നിയമം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്ത കാലത്തായി ഈ നിയമം സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ ദുരുപയോഗം ചെയ്യുന്നുണ്ട്. നിയമം ഉപയോഗിച്ച് അവരുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നു. സമാധാനപരവും ജനാധിപത്യപരവുമായ മാർഗത്തിൽ ഉയർത്തുന്ന വിമതശബ്ദങ്ങളെയെല്ലാം അടക്കിനിർത്താൻ ഉപയോഗിക്കുന്നു. ഒന്നുകിൽ രാജ്യദ്രോഹ നിയമം ഭേദഗതി ചെയ്യുകയോ അല്ലെങ്കിൽ റദ്ദാക്കുകയോ വേണം. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും യു.എ.പി.എയിലെയും വകുപ്പുകൾ തന്നെ ദേശസുരക്ഷ ഉറപ്പാക്കാൻ പര്യാപ്തമാണ്- അന്വേഷണ സംഘത്തിന് നൽകിയ സത്യവാങ്മൂലത്തിൽ പവാർ പറഞ്ഞു.

തങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാനും സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താനും 1870ൽ ബ്രിട്ടീഷ് ഭരണകൂടം കൊണ്ടുവന്നതാണ് 124എ നിയമം. ഇതേ നിയമം ഇപ്പോൾ സർക്കാരിനെ വിമർശിക്കുന്നവർക്കും വിമതശബ്ദങ്ങൾക്കുമെതിരെ തെറ്റായി പ്രയോഗിക്കുകയാണെന്നും ശരദ് പവാർ കൂട്ടിച്ചേർത്തു.

ഭീമ കൊറേഗാവ് കേസിൽ 2018 ഒക്ടോബറിലും പവാർ അന്വേഷണ സംഘത്തിന് സത്യവാങ്മൂലം നൽകിയിരുന്നു. 2018 ജനുവരിയിൽ നടന്ന അക്രമസംഭവങ്ങളിൽ എന്തെങ്കിലും രാഷ്ട്രീയ അജണ്ടയുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കേസിൽ മേയ് അഞ്ചിനും ആറിനും ഹാജരാകാൻ അന്വേഷണസംഘം പവാറിന് സമൻസ് അയച്ചിട്ടുണ്ട്.

Summary: Stop misuse of sedition law, NCP chief Sharad Pawar tells Koregaon-Bhima probe panel

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News