സെന്തിൽ ബാലാജിയോട് ക്രൂരമായ് പെരുമാറിയെന്ന് പരാതി; ഇ.ഡിക്ക് മനുഷ്യവകാശ കമ്മീഷൻ നോട്ടീസയച്ചു
സെന്തിൽ ബാലാജിയുടെ ഭാര്യ നല്കിയ പരാതിയിലാണ് നടപടി
ചെന്നൈ: അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില് ബാലാജിയോട് ക്രൂരമായി പെരുമാറിയെന്ന പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തമിഴ്‌നാട് മനുഷ്യവകാശ കമ്മീഷൻ നോട്ടീസയച്ചു. സെന്തിൽ ബാലാജിയുടെ ഭാര്യ നല്കിയ പരാതിയിലാണ് നടപടി. ഇ.ഡി ജോയിന്റ് ഡയറക്ടറോട് ആറാഴ്ച്ചകകം വിശദീകരണം നല്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
അതേസമയം സെന്തിൽ ബാലാജിയുടെ ഹൃദയ ശസ്ത്രക്രിയ ഇന്ന് ചെന്നൈ കാവേരി ആശുപത്രിയിൽ വെച്ച് നടക്കും. ഹൃദയത്തിൽ മൂന്ന് ബ്ലോക്കുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ബൈപാസ് സർജറിക്ക് ബാലാജിയെ വിധേയനാക്കാൻ ഡോക്ടർമാർ നിർദേശിച്ചത്. നെഞ്ച് വേദനയെ തുടര്ന്ന് ചെന്നൈയിലെ ഓമന്ദൂരാർ എസ്റ്റേറ്റിലെ തമിഴ്‌നാട് സർക്കാർ മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു മന്ത്രിയെ ആദ്യം പ്രവേശിപ്പിച്ചത്.
ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ ഉദ്യോഗസ്ഥരുമായി ചേർന്ന് സെന്തിൽ ബാലാജി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് സെന്തിൽ ബാലാജിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികളുടെ മാർക്കിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇ.ഡിയുടെ റിപ്പോർട്ടിലുണ്ട്. മന്ത്രിയുടെ അടുത്ത സഹായികളായ ബി. ഷൺമുഖം, എം. കാർത്തികേയൻ എന്നിവരാണ് ഇടപാടുകൾ നടത്തിയതെന്ന് ഇ.ഡി ആരോപിക്കുന്നു. ബാലാജിയുടെ പേഴ്സണൽ അസിസ്റ്റന്റ് പണം വാങ്ങിയെന്നാണ് പരാതിക്കാരുടെ മൊഴി. സെന്തിൽ ബാലാജിയുടെ അക്കൗണ്ടിൽ 1.34 കോടി രൂപയും അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ 29.55 ലക്ഷം രൂപയും നിക്ഷേപിച്ചെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജിയെ ജൂൺ 28 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്.