ഇ.ഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിക്ക് നെഞ്ചുവേദന; ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍

ചൊവ്വാഴ്ച രാവിലെ മുതൽ തമിഴ്നാട് സെക്രട്ടറിയേറ്റിലെ ഓഫീസിലും വസതിയിലും തുടങ്ങിയ റെയ്ഡിനൊടുവിൽ ഇന്ന് പുലർച്ചയാണ് സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Update: 2023-06-14 09:11 GMT
Advertising

ചെന്നൈ: ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതമന്ത്രി സെന്തിൽ ബാലാജിക്ക് ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ രാവിലെ മുതൽ തമിഴ്നാട് സെക്രട്ടറിയേറ്റിലെ ഓഫീസിലും വസതിയിലും തുടങ്ങിയ റെയ്ഡിനൊടുവിൽ ഇന്ന് പുലർച്ചയാണ് സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. വസതിയിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് കൊണ്ടുപോകും വഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

2011 മുതൽ 2015 വരെ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്ക് എതിരെയുള്ള ആരോപണം. പണം നൽകിയിട്ടും ജോലി ലഭിച്ചില്ലെന്ന് കാണിച്ച് നാലുപേർ നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികൾ നിയമം പാലിച്ചില്ലെന്ന് കാണിച്ച് കോടതിയെ സമീപിക്കാനാണ് ഡി.എം.കെയുടെ തീരുമാനം.

ആശുപത്രിയിൽ തുടരുന്ന സെന്തിൽ ബാലാജിയെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സന്ദർശിച്ചു. ഇ.ഡിയുടേത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് എം.കെ സ്റ്റാലിൻ പ്രതികരിച്ചു. ബി.ജെ.പിയുടെ ഭീഷണിയെ ഡി.എം.കെ ഭയക്കില്ലെന്നും എം.കെ സ്റ്റാലിൻ വ്യക്തമാക്കി. അറസ്റ്റിനെതിരെ കോൺഗ്രസും ആം ആദ്മി പാർട്ടിയും സി.പി.ഐയും രംഗത്തുവന്നു.

ഡി.എം.കെ പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് ഓമന്തുരർ സർക്കാർ ആശുപത്രിക്ക് മുന്നിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ സെന്തിൽ ബാലാജിക്കായി ഭാര്യ എസ്. മേഖല മദ്രാസ് ഹൈക്കോടതിയിൽ ഹെബിയസ്കോർപ്പസ് സമർപ്പിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News