വി.ഐ.പി സന്ദര്‍ശനം; ഉജ്ജൈനിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്

രാജ്യത്തെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ് ഈ അമ്പലം. കഴിഞ്ഞ മാസമാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തത്

Update: 2021-07-27 06:05 GMT
Editor : Jaisy Thomas | By : Web Desk
Advertising

മധ്യപ്രദേശ് ഉജ്ജൈനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍, മുന്‍മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവരുള്‍പ്പെടെയുള്ള വി.ഐ.പികളുടെ സന്ദര്‍ശനമാണ് തിരക്കിന് കാരണമായത്.

തിങ്കളാഴ്ചയാണ് സംഭവം. വി.ഐ.പികള്‍ക്കൊപ്പം ഭക്തര്‍ കൂടി ക്ഷേത്രത്തിലേക്ക് കൂട്ടമായി എത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു. ക്ഷേത്രത്തിന്‍റെ നാലാം ഗേറ്റില്‍ തടിച്ചുകൂടിയ ഭക്തര്‍ ക്ഷമ നശിച്ച് പര്സപരം തള്ളുകയും പിന്നീട് ഇത് വലിയ തിക്കിലും തിരക്കിലും കലാശിക്കുകയുമായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസിന് നേരെയും ഭക്തര്‍ തിരിഞ്ഞു. കോവിഡ് നിയന്ത്രണങ്ങളൊന്നും പാലിക്കാതെയാണ് ജനങ്ങള്‍ തടിച്ചുകൂടിയത്. ''കോവിഡ് നിയന്ത്രണങ്ങളുടെ കാര്യത്തില്‍ ഈ തിങ്കളാഴ്ച വീഴ്ച വരുത്തിയെങ്കിലും അടുത്ത തിങ്കളാഴ്ച കൃത്യമായി ആസൂത്രണം ചെയ്യുകയും സാമൂഹിക അകലം ഉറപ്പ് വരുത്തുകയും ചെയ്യുമെന്ന്'' ഉജ്ജൈൻ ജില്ലാ കലക്ടർ ആശിഷ് സിംഗ് പറഞ്ഞു.

ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗങ്ങളിലൊന്നായി കരുതപ്പെടുന്ന ക്ഷേത്രമാണ് മഹാകലേശ്വര്‍ ക്ഷേത്രം. രാജ്യത്തെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ് ഈ അമ്പലം. കഴിഞ്ഞ മാസമാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തത്. കോവിഡ് ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കും മാത്രമാണ് പ്രവേശനം. രണ്ട് മണിക്കൂറില്‍ 500 പേര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News