സഹകരണ മന്ത്രാലയത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശരദ് പവാർ

സഹകരണ ബാങ്കിങ് മേഖല സംസ്ഥാന സർക്കാരുകളുടെ അധികാര പരിധിയിൽ വരുന്നതാണെന്നും സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുന്ന ഏതു നടപടിയും ഭരണഘടനാ ലംഘനമാണെന്നും പവാര്‍ വ്യക്തമാക്കി

Update: 2021-07-17 10:36 GMT
Editor : Shaheer | By : Web Desk
Advertising

നാഷനൽ കോൺഗ്രസ് പാർട്ടി(എൻസിപി) തലവൻ ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ മോദിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ദേശതാൽപര്യമുള്ള വിവിധ വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നാണ് യോഗം കഴിഞ്ഞു പുറത്തിറങ്ങിയ ശരദ് പവാർ ട്വീറ്റ് ചെയ്തത്. രാഷ്ട്രീയം ചർച്ചയായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അതേസമയം, പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയത്തെക്കുറിച്ചുള്ള ആശങ്കകൾ പവാർ പ്രധാനമന്ത്രിയുമായി പങ്കുവച്ചതായാണ് വിവരം. സഹകരണ ബാങ്കിങ് മേഖല സംസ്ഥാന സർക്കാരുകളുടെ അധികാര പരിധിയിൽ വരുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുന്ന തരത്തിലുള്ള കേന്ദ്രത്തിന്റെ ഏതു നടപടിയും ഭരണഘടനാ ലംഘനമാണെന്ന സുപ്രീംകോടതി വിധികളും ചൂണ്ടിക്കാണിച്ചു.

സഹകരണ മന്ത്രാലയത്തിനെതിരെ നേരത്തെയും ശരദ് പവാർ വിമർശനമുന്നയിച്ചിരുന്നു. സഹകരണ മേഖലയ്ക്കു വേണ്ടിയുള്ള നിയമങ്ങൾക്ക് മഹാരാഷ്ട്ര നിയമസഭ രൂപംനൽകിയിട്ടുണ്ട്. സംസ്ഥാനങ്ങൾ തയാറാക്കിയ നിയമങ്ങളിൽ ഇടപെടാൻ കേന്ദ്ര സർക്കാരിന് അവകാശമില്ലെന്നുമാണ് പവാർ നേരത്തെയും വ്യക്തമാക്കിയിട്ടുള്ളത്.

കർഷക നിയമങ്ങളുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങളും കൂടിക്കാഴ്ചയിൽ പവാർ അറിയിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയുടെ വിവരം പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും പങ്കുവച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തതിനു പിറകെയാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News