'ശാസ്ത്രത്തെ വിശ്വസിക്കൂ'; വാക്സിനെടുക്കാന്‍ മടിക്കരുതെന്ന് മോദി
90ന് മുകളില്‍ പ്രായമുള്ള തന്‍റെ മാതാവ് പോലും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ ഒഴിവാക്കുന്നത് അപകടകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് വാക്സിന്‍ സംബന്ധിച്ച കുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രത്തെയും, ശാസ്ത്രജ്ഞരെയും വിശ്വസിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കി ബാത്തിന്‍റെ 78ാമത് എഡിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനോടകം രാജ്യത്തെ നിരവധി പേര്‍ വാക്‌സിനെടുത്തു കഴിഞ്ഞു. 90ന് മുകളില്‍ പ്രായമുള്ള തന്‍റെ മാതാവ് പോലും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഞാന്‍ രണ്ട് ഡോസ് വാക്‌സിനും എടുത്തു. വാക്‌സിനെടുക്കാന്‍ യാതൊരു ഭയവും വേണ്ട. ചിലപ്പോള്‍ വാക്‌സിന്‍ സ്വീകരിച്ച ചിലര്‍ക്ക് പനിയുണ്ടായേക്കാം. എന്നാല്‍ ഇത് ഏതാനും മണിക്കൂറുകള്‍ മാത്രമെ നിലനില്‍ക്കുകയുള്ളുവെന്നും മോദി പറഞ്ഞു.
വാക്‌സിനേഷന്‍ ഒഴിവാക്കുന്നത് അപകടകരമാണ്. വാക്‌സിന്‍ എടുക്കാതിരുന്നാല്‍ നിങ്ങള്‍ മാത്രമല്ല നിങ്ങളുടെ കുടുംബവും സമൂഹവും ഒരുപോലെ അപകടത്തിലാകുമെന്ന് പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. വാക്‌സിനെതിരെ പ്രചാരണം നടത്തുന്നവര്‍ അത് ചെയ്തുകൊണ്ടേയിരിക്കട്ടെ. നമ്മള്‍ നമ്മുടെ ചുമതല നിറവേറ്റണം. കോവിഡ് ഭീഷണി ഇനിയും അവസാനിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വാക്‌സിനേഷന്‍ പദ്ധതി വിപുലമാക്കാന്‍ നിര്‍ദേശം നല്‍കിയ പ്രധാനമന്ത്രി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു. കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ഉള്‍പ്പെടെ ഇന്ത്യയില്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.