ബംഗ്ലാദേശിന് കൈമാറുന്നതുവരെ ഷെയ്ഖ് ഹസീന മൗനം പാലിക്കണം, പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുത്; മുഹമ്മദ് യൂനുസ്

ഇന്ത്യയിലിരുന്ന് ഹസീന നടത്തുന്ന പ്രസ്താവനകൾ ഇന്ത്യക്കും ബംഗ്ലാദേശിനും ഗുണകരമാകില്ലെന്നും യൂനുസ്

Update: 2024-09-05 08:59 GMT
Advertising

ധാക്ക: ബം​ഗ്ലാദേശിൽ നിന്ന് നാടുവിട്ട് ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തുന്ന രാഷ്ട്രീയ പരാമർശങ്ങൾ അം​ഗീകരിക്കാനാവില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസ്. ഇന്ത്യയിൽ ഇരുന്നുകൊണ്ട് ഹസീന നടത്തുന്ന പ്രസ്താവനകളെ തുടർന്ന് ബംഗ്ലാദേശിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഹസീനയ്ക്ക് അഭയം നൽകിയതിനു ശേഷം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലും മെല്ലെപോക്കാണെന്നും യൂനുസ് ആരോപിച്ചു.

ഹസീനയെ കൈമാറാൻ ഇന്ത്യയോട് ബംഗ്ലാദേശ് ആവശ്യപ്പെടുന്നതുവരെ പ്രകോപമനപരമായ പരാമർശങ്ങൾ ഒഴിവാക്കാൻ അവർക്ക് ബാധ്യതയുണ്ട്. അതുവരെ ഹസീന നിശബ്ദത പാലിക്കണം. ധാക്കയിലെ തൻ്റെ ഔദ്യോഗിക വസതിയിൽ പിടിഐയോട് സംസാരിക്കവെ യൂനുസ് പറഞ്ഞു. കലാപത്തിന്റെ സമയത്ത് സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ നടത്തിയവരെ കണ്ടെത്തി ശി​ക്ഷിക്കണമെന്ന് ഹസീന ആഗസ്റ്റ് 13ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ഹസീന നിശബ്ദത പാലിക്കണമെന്ന നിലപാടിൽ ഞങ്ങൾ ഉറച്ചു നിൽക്കുകയാണ്. അഭയം നൽകിയ സ്ഥലത്തിരുന്ന് അവർ രാഷ്ട്രീയ പ്രചാരണം നടത്താൻ ശ്രമിക്കുന്നു. ശരീയായ രീതിയിലല്ല ഹസീന ഇന്ത്യയിലെത്തിയത്. അവർ പ്രക്ഷോഭത്തെയും പ്രതിഷേധക്കാരേയും ഭയന്ന് രാജ്യവിട്ടോടിയതാണ്. ഇന്ത്യയിൽ ഇരുന്ന് സംസാരിക്കുന്ന അവർ നിർദ്ദേശങ്ങളും നൽകുന്നു. ഇന്ത്യക്കും ബംഗ്ലാദേശിനും ഹസീനയുടെ നടപടി ​ഗുണകരമാകില്ല. ഞങ്ങൾക്ക് അസ്വസ്ഥതയുണ്ട്. യൂനുസ് കൂട്ടിച്ചേർത്തു.

ഹസീനയെ ബംഗ്ലാദേശിലേക്ക് തിരികെയെത്തിക്കുകയും പൊതുമധ്യത്തിൽ വെച്ച് വിചാരണ നടത്തുകയും വേണം. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബംഗ്ലദേശ് വിലമതിക്കുന്നുണ്ട്. അവാമി ലീഗ് ഒഴികെയുള്ള മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളെയും ഇസ്ലാമിസ്റ്റായി ചിത്രീകരിക്കുന്ന നിലപാടിനപ്പുറത്തേക്ക് ഇന്ത്യ പോകേണ്ടതുണ്ട്. ഇന്ത്യ- ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.

ഹസീനയുടെ പാലായനത്തിനു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യൂനുസ് ഫോണിൽ സംവദിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മാർ​ഗങ്ങൾ ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

ബംഗ്ലാദേശിൽ ഉയർന്നുവന്ന സർക്കാർ വിരുദ്ധ കലാപങ്ങളെ തുടർന്ന് ആഗസ്റ്റ് 5 ന് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. മുൻ പ്രധാനമന്ത്രിക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ രജിസ്ററർ ചെയ്ത സാഹചര്യത്തിൽ എത്രയും വേ​ഗം അവരെ ബംഗ്ലാദേശിന് കൈമാറാൻ ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News