വിമതർക്ക് വഴങ്ങി ഉദ്ധവ് താക്കറെ; അഗാഡി സഖ്യം വിടാൻ തയ്യാറെന്ന് ശിവസേന
കോൺഗ്രസുമായും എൻസിപിയുമായും സഖ്യമുണ്ടാക്കിയതോടെ ശിവസേന ബാൽതാക്കറെയുടെ ഹിന്ദുത്വ അജണ്ടകൾ ഇല്ലാതാക്കിയെന്ന് വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ നേരത്തെ ആരോപിച്ചിരുന്നു.
മുംബൈ: വിമത എംഎൽഎമാരുടെ സമ്മർദത്തിന് വഴങ്ങി ശിവസേന നേതൃത്വം. വേണമെങ്കിൽ മഹാ വികാസ് അഗാഡി സഖ്യം വിടാൻ തയ്യാറെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് അറിയിച്ചു. കോൺഗ്രസുമായും എൻസിപിയുമായും സഖ്യമുണ്ടാക്കിയതോടെ ശിവസേന ബാൽതാക്കറെയുടെ ഹിന്ദുത്വ അജണ്ടകൾ ഇല്ലാതാക്കിയെന്ന് വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ നേരത്തെ ആരോപിച്ചിരുന്നു.
അതേസമയം അഗാഡി സഖ്യം വിട്ടാലും ഭാവി തീരുമാനമെന്താണെന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശിവസേന തയ്യാറാവുമോ അല്ലെങ്കിൽ വിമതരെ തിരിച്ചെത്തിച്ച ശേഷം അനുനയിപ്പിച്ച് മറ്റെന്തെങ്കിലും നിർദേശങ്ങൾ മുന്നോട്ടുവെക്കുമോ എന്നതും വ്യക്തമല്ല.
ഏക്‌നാഥ് ഷിൻഡെക്ക് മുഖ്യമന്ത്രി സ്ഥാനമടക്കം അഗാഡി സഖ്യം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ്-എൻസിപി പാർട്ടികളുമായി ചേർന്നുപോകാനാവില്ലെന്ന ഉറച്ച നിലപാടാണ് ഏക്‌നാഥ് ഷിൻഡെ വ്യക്തമാക്കിയത്. അഗാഡി സഖ്യത്തിൽ കോൺഗ്രസിനും എൻസിപിക്കും കിട്ടുന്ന പ്രാധാന്യം ശിവസേന എംഎൽഎമാർക്ക് കിട്ടുന്നില്ലെന്നും ഷിൻഡെ പറഞ്ഞിരുന്നു. ശിവസേനക്ക് പ്രാധാന്യമില്ലാത്ത സഖ്യത്തിൽ ഒരു തരത്തിലും തുടരാനാവില്ലെന്ന നിലപാടിലാണ് വിമത നേതാക്കൾ.