അടച്ചിട്ട കടയിലെത്തി സിഗരറ്റ് ചോദിച്ചു; നൽകാത്തതിന് കടയുടമക്ക് മർദനം
ഒളിവിൽ പോയ പ്രതിക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തെരച്ചിൽ ആരംഭിച്ചതായി പൊലീസ്
ന്യൂഡൽഹി: സിഗരറ്റ് നൽകാത്തതിന് കടയുടമയ്ക്ക് മർദനം. ദ്വാരക ശ്യാം എൻക്ലേവിൽ പലചരക്ക് കട നടത്തുന്ന നന്ദു എന്നയാൾക്കാണ് മർദനമേറ്റത്. കട അടച്ചതിനാൽ സിഗരറ്റില്ല എന്നറിയിച്ചതോടെ അയൽവാസി കൂടിയായ രാജ് കുമാർ എന്നയാൾ മർദിക്കുകയായിരുന്നു.
നവംബർ 10ന് രാത്രി 11 മണിയോടു കൂടിയാണ് സംഭവമുണ്ടാകുന്നത്. കടയടച്ച് പോകാൻ നേരം രാജ് കുമാർ എത്തി സിഗരറ്റ് ചോദിച്ചുവെന്നും കടയടച്ചു എന്നറിയിച്ചപ്പോൾ വാക്കു തർക്കമുണ്ടായി എന്നും നന്ദു പറയുന്നു. തുടർന്ന് വീട്ടിലേക്ക് പോകും വഴി ഇയാൾ മൂർച്ചയേറിയ ആയുധമുപയോഗിച്ച് തലയ്ക്ക് പരിക്കേൽപ്പിക്കുകയായിരുന്നുവെന്നും നന്ദു നൽകിയ പരാതിയിലുണ്ട്.
പരാതിയിൽ ഐപിസി 324 പ്രകാരം രാജ് കുമാറിനെതിരെ പൊലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തെരച്ചിൽ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.