സിദ്ദു ഹൈക്കമാന്റിന് വഴങ്ങുന്നു; രാജി പിന്‍വലിച്ചേക്കും
സിദ്ദു ആം ആദ്മിയിലേക്ക് വരുന്നു എന്ന വാർത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തള്ളി കളഞ്ഞു.
നവജോത് സിദ്ദു ഹൈക്കമാന്റിന് വഴങ്ങുന്നു. പഞ്ചാബ് പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി സിദ്ദു പിന്‍വലിച്ചേക്കും. വൈകുന്നേരം പഞ്ചാബ് മുഖ്യമന്ത്രി ചരൺ ചിത്ത് സിങ്ങ് ഛന്നിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ധു രാജി തീരുമാനം പിൻവലിക്കുമെന്നാണ് സൂചന. കോൺഗ്രസുമായി ഉടക്കി നിൽക്കുന്ന അമരീന്ദർ സിങ്ങ് അമിത് ഷായ്ക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച്ച നടത്തി.
സിദ്ധുമായി അനുരഞ്ജന ചർച്ച വേണ്ടെന്ന ഹൈക്കമാന്റ് നിലപാടാണ് മഞ്ഞുരുക്കത്തിന് വഴിവെച്ചിരിക്കുന്നത്. രാജിയിൽ അന്തിമ തീരുമാനം പറഞ്ഞില്ലെങ്കിൽ ഇന്നോ നാളെയോ പുതിയ പി.സി.സി അദ്ധ്യക്ഷനെ തീരുമാനിക്കുമെന്ന് ഹൈക്കമാന്റ് വ്യക്തമാക്കിയതും സിദ്ധുവിനെ പ്രതിരോധത്തിലാക്കി. പബാബ് മുഖ്യമന്ത്രി ചരൺ ചിത്ത് സിങ്ങ് ചന്നിയുമായുള്ള സിദ്ദുവിന്‍ ചർച്ച പുരോഗമിക്കുകയാണ്.
മന്ത്രി സഭയിലും ഉദ്യോഗസ്ഥ തലത്തിലും നടന്ന അഴിച്ചു പണിയിലെ അതൃപ്തി സിദ്ധു ചന്നിയെ അറിയിക്കും. എന്നാൽ നിയമനങളിൽ മാറ്റം വരുത്തേണ്ട എന്നാണ് ചന്നിയ്ക്ക് ഹൈക്കമാന്റ് നൽകിയിരിക്കുന്ന നിർദ്ദേശം. ആറ് മാസത്തിനു ശേഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പുതിയ പി.സി.സി അദ്ധ്യക്ഷനെ കൊണ്ടുവരുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലും ഹൈക്കമാന്റ് സിദ്ധുവിന്റെ രാജി സ്വീകരിക്കാൻ കാരണമായി.
അതിനിടെ സിദ്ദു ആം ആദ്മിയിലേക്ക് വരുന്നു എന്ന വാർത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തള്ളി കളഞ്ഞു. കോൺഗ്രസുമായി കലഹിച്ചു നിൽക്കുന്ന പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചതിന് പിന്നാലെ ഇന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച്ച നടത്തി. അതിർത്തിയിലെ സുരക്ഷാ വിഷയങ്ങൾ ചർച്ച ആയെന്നാണ് സൂചന. ഇതിന് ശേഷം അജിത് ഡോവൽ അമിത് ഷായെയും സന്ദർശിച്ചു.