'സിംഗപ്പൂര്‍ ഉച്ചകോടിയില്‍ ഡൽഹി മോഡല്‍ വിശദീകരിക്കാന്‍ ക്ഷണം': കേന്ദ്രം ഇതുവരെ അനുമതി നല്‍കിയില്ലെന്ന് കെജ്‍രിവാള്‍

എത്രയും പെട്ടെന്ന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കെജ്‍രിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

Update: 2022-07-17 08:29 GMT
Advertising

ഡല്‍ഹി: സിംഗപ്പൂരിൽ നടക്കുന്ന 'വേൾഡ് സിറ്റീസ് സമ്മിറ്റി'ൽ ഡൽഹി മോഡലിനെ കുറിച്ച് സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടും സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. എത്രയും പെട്ടെന്ന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കെജ്‍രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

"ഇത്രയും സുപ്രധാനമായ ഒരു വേദി സന്ദർശിക്കുന്നതിൽ നിന്ന് ഒരു മുഖ്യമന്ത്രിയെ തടയുന്നത് രാജ്യതാൽപ്പര്യത്തിന് വിരുദ്ധമാണ്. ഈ ക്ഷണം രാജ്യത്തിന് അഭിമാനവും ബഹുമതിയുമാണ്"- കെജ്‍രിവാള്‍ പറഞ്ഞു. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിലും ആം ആദ്മി പാർട്ടി ഇക്കാര്യം ഉന്നയിച്ചു.

സിംഗപ്പൂർ ഹൈകമ്മീഷണർ സൈമൺ വോങ് ജൂണിലാണ് കെജ്‍രിവാളിനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. കെജ്‍രിവാൾ ക്ഷണം സ്വീകരിക്കുകയും ചെയ്തു. എന്നാൽ സന്ദർശനത്തിന് കേന്ദ്രസർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല.

"ലോകോത്തര സമ്മേളനത്തിൽ ഡൽഹി മോഡലിനെ കുറിച്ച് അവതരിപ്പിക്കാൻ സിംഗപ്പൂർ സർക്കാർ ഞങ്ങളെ ക്ഷണിച്ചു. ലോകമെമ്പാടുമുള്ള വലിയ നേതാക്കളുടെ മുന്നിൽ ഡൽഹി മോഡൽ അവതരിപ്പിക്കും. ലോകം മുഴുവൻ ഈ മാതൃകയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു. അതിനാൽ എത്രയും വേഗം അനുമതി നൽകുക. ഈ സന്ദർശനത്തിലൂടെ എനിക്ക് രാജ്യത്തിന്റെ യശസ് ഉയർത്താൻ കഴിയും"- കെജ്‍രിവാള്‍ പറഞ്ഞു.

2019ൽ കെജ്‌രിവാളിന് സമാന സന്ദർശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. മേയർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News