'സി.പി.ആര്‍ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു'; കെ.കെയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

കെ.കെയുടെ ഭാര്യയെ അമിതമായി മരുന്നു കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2022-06-02 12:46 GMT
Editor : ijas
Advertising

കൊല്‍ക്കത്ത: പ്രശസ്ത ബോളിവുഡ് ഗായകന്‍ കെ.കെയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍. കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്‍റെ ഹൃദയത്തില്‍ നിരവധി തടസ്സങ്ങളുണ്ടായിരുന്നതായും കൃത്യ സമയത്ത് സി.പി.ആര്‍(cardiopulmonary resuscitation ) നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു. ഹൃദയാഘാതം സംഭവിച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കെ.കെ മരണത്തിന് കീഴടങ്ങിയത്. കൊല്‍ക്കത്തയില്‍ ഒരു സംഗീത പരിപാടി അവസാനിച്ചതിന് ശേഷമായിരുന്നു കെ.കെയുടെ അന്ത്യം.

ഹൃദയത്തിന്‍റെ ഇടത് ഭാഗത്ത് വലിയ തടസ്സവും മറ്റ് വിവിധ ധമനികളിലും ഉപ ധമനികളിലും ചെറിയ തടസ്സങ്ങളുണ്ടായിരുന്നതായും ഡോക്ടര്‍ വെളിപ്പെടുത്തി. തത്സമയ ഷോയ്ക്കിടെയുള്ള അമിത ആവേശം രക്തയോട്ടം നിലച്ചതിന് കാരണമായതായും ഇത് ഹൃദയസ്തംഭനത്തിലേക്ക് നയിച്ച് ജീവന്‍ നഷ്ടപ്പെടുന്നതില്‍ കലാശിച്ചതായും പേര് വെളിപ്പെടുത്തരുതെന്ന നിര്‍ദേശത്തില്‍ ഡോക്ടര്‍ വ്യക്തമാക്കി. ബോധം നഷ്ടപ്പെട്ട ഉടനെ തന്നെ സി.പി.ആര്‍ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ തിരിച്ചുകിട്ടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദീർഘനാളായി കെ.കെക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അത് ചികിത്സിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗായകന്‍ അന്‍റാസിഡുകള്‍ കഴിച്ചിരുന്നതായും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു. ഒന്നര മണിക്കൂര്‍ നീണ്ട പോസ്റ്റുമോര്‍ട്ടം നടപടികള്‍ വീഡിയോ രൂപത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തില്‍ അസ്വാഭാവികതകള്‍ ഒന്നും തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മൂന്ന് മണിക്കൂര്‍ നീണ്ട പരിപാടി കാരണമുണ്ടായ ഹൃദയാഘാതം തന്നെയാണ് മരണത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതിനിടെ കെ.കെയുടെ ഭാര്യയെ അമിതമായി മരുന്നു കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോണിലൂടെ തനിക്ക് നെഞ്ചിലും തോളിലും വേദനയനുഭവപ്പെടുന്നതായ കാര്യം കെ.കെ ഭാര്യയെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കെ.കെ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും അന്‍റാസിഡ് ശേഖരവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെ.കെയുടെ മരണത്തില്‍ കൊല്‍ക്കത്തെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ഹൃദയം നിലച്ച് പോകുന്ന സാഹചര്യങ്ങളില്‍ ഹൃദയത്തുടിപ്പ് തിരികെയെത്തിക്കാനുളള മാര്‍ഗമാണ് കാര്‍‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ അഥവാ സി.പി.ആര്‍. കൈകൊണ്ട് നെഞ്ചില്‍ ശക്തമായി അമര്‍ത്തി തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം നിലനിര്‍ത്തുന്നതാണ് രീതി.)

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News