ഗായകൻ കെ.കെയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് മുംബൈയിൽ
മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
കൊൽക്കത്ത: ബോളിവുഡ് ഗായകനും മലയാളിയുമായ കൃഷ്ണകുമാർ കുന്നത്തിന്റെ (കെ.കെ) സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. മുംബൈയിൽ ഉച്ചയ്ക്ക് 1 മണിക്കാണ് സംസ്‌കാരം. ഇന്നലെ രാത്രിയാണ് മൃതദേഹം വ്യോമമമാർഗം കൊൽക്കത്തയിൽ നിന്നും മുംബൈയിൽ എത്തിച്ചത്. മുഖ്യമന്ത്രി മമത ബാനർജിയുടെ സാനിധ്യത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ആണ് ബംഗാൾ സർക്കാർ കൃഷ്ണകുമാറിന് അന്ത്യ യാത്ര ഒരുക്കിയത്.
മുംബൈ വെർസോവയിലെ വസതിയിലെത്തിച്ച ശേഷം കെ.കെയുടെ ഭൗതികദേഹം രാവിലെ 10.30 മുതല്‍ പൊതുദർശനത്തിനുവെക്കും. മുംബൈ മുക്തിദാൻ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.
അതേസമയം, കെ.കെയുടെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇന്നലെ കൊൽക്കത്ത നസറുൾ മഞ്ചിൽ സംഗീത പരിപാടി അവതരിപ്പിച്ചു കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണാണ് കെ.കെയുടെ മരണം.
ഉടൻ കൊൽക്കത്തയിലെ സിഎംആർഐ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിൽ ഉൾക്കൊള്ളാവുന്നതിലധികം ആളുകളെ പങ്കെടുപ്പിച്ചെന്നും എ.സി പ്രവർത്തിപ്പിച്ചില്ലെന്നും ആരോപണമുണ്ട്. തടിച്ചുകൂടിയ ആളുകളെ പുറത്താക്കാൻ തീയണക്കുന്ന വാതകം പ്രയോഗിക്കുന്നതിന്റെയും വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.