കർഷകസമരം ആറാം ദിനം; അതിർത്തിയിൽ തമ്പടിച്ച് കർഷകർ, കേന്ദ്രവുമായി ഇന്ന് ചർച്ച
കർഷകരെ തടയാനായി പ്രതിരോധം ശക്തമാക്കി ഡൽഹി- ഹരിയാന പൊലീസ്
ഡൽഹി: കർഷക സംഘടനാ നേതാക്കളുമായി കേന്ദ്രസർക്കാർ പ്രതിനിധികൾ ഇന്ന് ചർച്ച നടത്തും. ഹരിയാന- പഞ്ചാബ് അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. സംയുക്ത കിസാൻ മോർച്ചയിലെ രാഷ്ട്രീയേതര വിഭാഗവുമായിട്ടാണ് ചർച്ച.
കേന്ദ്ര സർക്കാറുമായുള്ള നാലാംഘട്ട ചർച്ചയും പരാജയപ്പെട്ടതോടെ പഞ്ചാബ്- ഹരിയാന അതിർത്തിയിൽ കർഷക സമരം രൂക്ഷമാണ്. പഞ്ചാബിലെ ഗുരുദാസ് പൂരിലെ ഗ്യാൻ സിങ് എന്ന കർഷകൻ സമരത്തിനിടയിൽ മരിച്ചത് പ്രതിഷേധം ശക്തമാക്കാനിടയായി. ഡൽഹിയിലേക്ക് കർഷകരെത്തുന്നത് തടയാനായി ഡൽഹി- ഹരിയാന പൊലീസ് പ്രതിരോധം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്ന കർഷകരുടെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഇന്ന് നടക്കുന്ന ചർച്ചയിൽ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷ. താങ്ങുവില നിയമപരമാക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കുന്ന കാര്യവും കേന്ദ്രം പരിഗണിക്കും. ഈ ആവശ്യത്തോടുള്ള കർഷകരുടെ പ്രതികരണമാണ് ചർച്ചയുടെ ജയപരാജയങ്ങളെ തീരുമാനിക്കുന്നത്.