കൂളിങ് ഗ്ലാസിൽ സോണിയ, മാസ്‌കിൽ മോദി; വൈറലായി ചിത്രം
കഴിഞ്ഞ ദിവസം സോണിയയെ കണ്ടിട്ടും ഗൗനിക്കാതെ നിന്ന മോദിയുടെ ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു
ന്യൂഡൽഹി: ഭരണഘടനാ ശില്‍പ്പി ബി.ആർ അംബേദ്കറിന്റെ 131-ാം ജന്മവാർഷിക ദിനാചരണച്ചടങ്ങിൽ ഇന്ത്യൻ എക്‌സ്പ്രസ് ഫോട്ടോഗ്രാഫർ അനിൽ ശർമ്മ പകർത്തിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. മാസ്‌കും കൂളിങ് ഗ്ലാസും ധരിച്ച സോണിയ മോദിയോട് എന്തോ പറയുന്നതാണ് ചിത്രം.
ഈയിടെ ലോക്‌സഭാ സ്പീക്കർ ഓം ബിർള വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ സോണിയ പങ്കെടുക്കാനെത്തിയപ്പോഴുള്ള ചിത്രം വൈറലായിരുന്നു. സോണിയ എത്തിയപ്പോൾ നരേന്ദ്രമോദി ഗൗനിക്കാതെ തല താഴ്ത്തി നിൽക്കുന്നതായിരുന്നു ചിത്രം. മോദിയുടെ കൂടെയുണ്ടായിരുന്ന ഓം ബിർല, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ സോണിയയെ നോക്കി ചിരിക്കുന്നതും കാണാം.
ലോക്‌സഭാ സ്പീക്കറുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്‌ലിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായാം സിങ് യാദവ് തുടങ്ങി നിരവധി നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു.
ഡൽഹിയിൽ രാഷ്ട്രീയ നേതാക്കളുടെ ഒരുപിടി നല്ല ചിത്രങ്ങൾ പകർത്തിയ അനുഭവ സമ്പന്നനായ ഫോട്ടോഗ്രാഫറാണ് അനിൽ ശർമ്മ. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായും മുൻ കേന്ദ്രമന്ത്രി പി ചിദംബരവും പാർലമെന്റിന് പുറത്ത് കൈ കൂപ്പി നൽക്കുന്ന, ഇദ്ദേഹത്തിന്റെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബജറ്റ് സെഷനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്.
സർക്കാറിന്റെ പ്രചോദനം: മോദി
രാജ്യത്തിന്റെ പുരോഗതിക്ക് അംബേദ്കർ നൽകിയ സംഭാവന വിസ്മരിക്കാൻ കഴിയില്ലെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ദളിതരുടെയും കീഴാളരുടെയും ക്ഷേമം എന്ന അംബേദ്കറിന്റെ ആശയം തന്റെ സർക്കാറിന് പ്രചോദനമാണ്. അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ യത്‌നിക്കേണ്ടതിന്റെ പ്രാധാന്യം ഈ ദിനം ഓർമപ്പെടുത്തുന്നു- മോദി കൂട്ടിച്ചേർത്തു.
സമത്വത്തിന്റെ ചാമ്പ്യനായിരുന്നു ബിആർ അംബേദ്കറെന്ന് സോണിയാ ഗാന്ധി അനുസ്മരിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു, സ്പീക്കർ ഓം ബിർല, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.