പടക്കുതിരകളെ തിരിച്ചുവിളിച്ചു; പാർലമെന്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് അഴിച്ചുപണി നടത്തി കോൺഗ്രസ്
തിങ്കളാഴ്ചയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നത്.
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തൊട്ടുമുമ്പ് സഭയിലെ നേതൃസമിതികൾ പുനഃസംഘടിപ്പിച്ച് കോൺഗ്രസ്. മുൻ ധനമന്ത്രി പി ചിദംബരം, ദിഗ് വിജയ് സിങ്, അംബിക സോണി, ജയ്റാം രമേശ് തുടങ്ങിയ പ്രമുഖരെ ഉൾപ്പെടുത്തിയാണ് പുനഃസംഘടന. ലോക്‌സഭാ കക്ഷി നേതാവായി അധിർ രഞ്ജൻ ചൗധരിയും രാജ്യസഭാ നേതാവായി മല്ലികാർജ്ജുൻ ഖാർഗെയും തുടരുമെന്ന് അധ്യക്ഷ സോണിയ ഗാന്ധി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ലോക്‌സഭയിൽ അധിറിനെ കൂടാതെ, ഗൗരവ് ഗൊഗോയ് (ഡെപ്യൂട്ടി ലീഡർ), സുരേഷ് കുറുപ്പ് (ചീഫ് വിപ്പ്), മനീഷ് തിവാരി, ശശി തരൂർ, രവ്‌നീത് സിങ് ബിട്ടു (വിപ്പ്), മാണിക്കം ടാഗോർ (വിപ്പ്) എന്നിവർ അംഗങ്ങളാണ്. രാജ്യസഭയിൽ ഖാർഗെയ്ക്ക് പുറമേ, ഡപ്യൂട്ടി നേതാവായി ആനന്ദ് ശർമ, ജയറാം രമേശ് (ചീഫ് വിപ്പ്), അംബിക സോണി, പി ചിദംബരം, ദിഗ് വിജയ് സിങ്, കെസി വേണുഗോപാൽ എന്നിവരാണ് ഉള്ളത്. മല്ലികാർജ്ജുൻ ഖാർഗെയാണ് സംയുക്ത യോഗത്തിന്റെ കൺവീനർ.
നേരത്തെ ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് ബംഗാളി നേതാവായ അധിറിനെ മാറ്റുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. മനീഷ് തിവാരി, ശശി തരൂർ, മാണിക്കം ടാഗോർ തുടങ്ങിയവരായിരുന്നു പകരം പറഞ്ഞുകേട്ടിരുന്നത്. ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ധാരണയിലേർപ്പെടുന്നതിനാണ് അധിറിനെ മാറ്റുന്നത് എന്നായിരുന്നു വാർത്തകൾ. ഇതിനിടെയാണ് ഗാന്ധി കുടുംബത്തിന്റെ അടുപ്പക്കാരനായ അധിറിനെ മാറ്റാതെ സോണിയയുടെ തീരുമാനം വരുന്നത്. എന്നാല്‍ തരൂരിനെയും തിവാരിയെയും സമിതിയില്‍ ഉള്‍പ്പെടുത്തി.
സഭയിൽ കേന്ദ്രത്തിനെതിരെയുള്ള കോൺഗ്രസ് ആക്രമണങ്ങൾക്ക് സമിതിയാകും ചുക്കാൻ പിടിക്കുക. പാർലമെന്റ് ചേരുന്നതിന് മുമ്പും ഇടവേളകളിലും സമിതി യോഗം ചേരും. തിങ്കളാഴ്ചയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നത്.
സർവകക്ഷി യോഗം വിളിച്ച് സർക്കാർ
പാർലമെന്റ് സമ്മേളനത്തിന് മുമ്പോടിയായി സർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വകുപ്പു മന്ത്രി പ്രൽഹാദ് ജോഷി വിളിച്ച യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. പത്തൊമ്പതിന് ആരംഭിക്കുന്ന സമ്മേളനം ഓഗസ്റ്റ് 13നാണ് അവസാനിക്കുന്നത്.
കോവിഡ് മഹാമാരി കേന്ദ്രം കൈകാര്യം ചെയ്ത രീതി, ഇന്ധന വിലവർധന, കോവിഡ് വാക്‌സിനേഷൻ, കർഷക സമരം, റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് തുടങ്ങിയ നിരവധി വിഷയങ്ങൾ സഭയിൽ ചർച്ചയാകും.