സോണിയാ ഗാന്ധി മാറണമെന്ന് ജി23 നേതാക്കള്‍ ആവശ്യപ്പെട്ടില്ല; പ്രവര്‍ത്തക സമിതിയില്‍ നടന്നത്...

അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി അതീവ ഗുരുതരമാണെന്ന് യോഗം വിലയിരുത്തി.

Update: 2022-03-13 16:43 GMT
Advertising

കോണ്‍ഗ്രസ് പ്രവർത്തക സമിതിയിൽ കടുത്ത നിലപാട് ഒഴിവാക്കി ജി 23 നേതാക്കൾ. സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറണമെന്ന് പ്രവർത്തക സമിതിയിൽ ജി 23 നേതാക്കൾ ആവശ്യപ്പെട്ടില്ല. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി അതീവ ഗുരുതരമാണെന്ന് യോഗം വിലയിരുത്തി.

സോണിയ തുടരും

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ന് വൈകീട്ട് 4 മണിക്ക് തുടങ്ങിയ പ്രവര്‍ത്തക സമിതി രാത്രി 8.30നാണ് അവസാനിച്ചത്. നാലര മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് നിലവില്‍ അധ്യക്ഷ മാറേണ്ടെന്ന തീരുമാനത്തില്‍ യോഗം എത്തിയത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജി വെയ്ക്കാന്‍ തയ്യാറാണെന്ന് ആമുഖ പ്രസംഗത്തില്‍ സോണിയാ ഗാന്ധി വ്യക്തമാക്കി. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേതൃത്വം മാറുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ ദുര്‍ബലമാക്കും എന്ന വിലയിരുത്തലിലാണ് പ്രവര്‍ത്തക സമിതി യോഗം എത്തിയത്. സോണിയയുടെ നേതൃത്വത്തില്‍ തിരുത്തല്‍ നടപടികള്‍ നടത്താനാണ് തീരുമാനം. മൂന്ന് മാസത്തിനു ശേഷം പാര്‍ട്ടി തെരഞ്ഞെടുപ്പ് നടത്തി പുതിയ നേതാവിനെ കണ്ടെത്തുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

'തോല്‍വി അതീവ ഗുരുതരം'

തെരഞ്ഞെടുപ്പ് തോൽവിയുടെ റിപ്പോർട്ട്‌ സംസ്ഥാനങ്ങളിലെ ജനറൽ സെക്രട്ടറിമാർ അവതരിപ്പിച്ചെന്ന് കെ സി വേണുഗോപാൽ യോഗത്തിനു ശേഷം വിശദീകരിച്ചു. ആത്മാർഥമായ ചർച്ചകൾ യോഗത്തിൽ നടന്നു. തിരുത്തൽ നടപടികൾ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കും. തോൽവി അതീവ ഗുരുതരമെന്ന് വിലയിരുത്തി. സംഘടനയിൽ മാറ്റം വരുത്തേണ്ട കാര്യങ്ങൾ ആലോചിക്കാൻ പ്രത്യേക യോഗം ചേരും. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ വിശ്വാസം രേഖപ്പെടുത്തി. സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ അധ്യക്ഷക്ക് പൂർണ സ്വാതന്ത്ര്യം നൽകിയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

തിരുത്തല്‍ നടപടി, ചിന്തന്‍ ശിബിര്‍

ഗുജറാത്ത് ഉള്‍പ്പെടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കായി പാര്‍ട്ടിയെ സജ്ജമാക്കുമെന്ന് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. നേതാക്കളുടെ ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കും. പാർലമെന്‍റ് സമ്മേളനത്തിനു ശേഷമായിരിക്കും ചിന്തന്‍ ശിബിര്‍. പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആഴത്തിലുള്ള ചര്‍ച്ച നടക്കും. എല്ലാ അംഗങ്ങളും അഭിപ്രായം തുറന്ന് പറഞ്ഞെന്ന് രണ്‍ദീപ് സുര്‍ജേവാല വിശദമാക്കി.

കടുത്ത നിലപാടെടുക്കാതെ തിരുത്തല്‍വാദികള്‍

രണ്ടു വര്‍ഷം മുന്‍പാണ് കോണ്‍ഗ്രസില്‍ സമൂലമായ മാറ്റവും മുഴുവന്‍ സമയ നേതൃത്വവും വേണമെന്ന് ആവശ്യപ്പെട്ട് 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചത്. ഇവര്‍ ജി23 നേതാക്കള്‍ എന്ന് അറിയപ്പെട്ടു. വര്‍ക്കിങ് കമ്മിറ്റിയിലേക്ക് അംഗങ്ങളെ ശിപാര്‍ശ ചെയ്യാതെ സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം എന്നായിരുന്നു ജി23 നേതാക്കളുടെ മറ്റൊരു ആവശ്യം. 2019ലെ പൊതുതെരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം പാര്‍ട്ടിയില്‍ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറായിരുന്നില്ല. പിന്നാലെയാണ് കോണ്‍ഗ്രസിന് മുഴുവന്‍ സമയ നേതൃത്വ വേണമെന്ന് ജി23 നേതാക്കള്‍ ആവശ്യപ്പെട്ടത്. പ്രവര്‍ത്തക സമിതിയില്‍ നിലവില്‍ ജി23 വിഭാഗത്തിലെ മൂന്ന് നേതാക്കള്‍ മാത്രമേയുള്ളൂ. ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ്, മുകുള്‍ വാസ്നിക് എന്നിവരാണ് ആ നേതാക്കള്‍‍. പുതിയ അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നോമിനേഷന്‍ ആഗസ്ത് മാസത്തില്‍ നല്‍കാം. ഈ സാഹചര്യത്തില്‍ കടുത്ത നിലപാടിലേക്ക് പോകേണ്ടെന്ന തീരുമാനത്തില്‍ പാര്‍ട്ടിയിലെ തിരുത്തല്‍വാദികള്‍ എത്തുകയായിരുന്നു.

മന്‍മോഹന്‍ സിങും ആന്‍റണിയും പങ്കെടുത്തില്ല

തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേര്‍ന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പങ്കെടുത്തില്ല. അനാരോഗ്യം മൂലമാണ് 89കാരനായ സിങ് പങ്കെടുക്കാതിരുന്നത്. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണിയും യോഗത്തിനെത്തിയില്ല. കോവിഡ് ബാധിച്ച് വിശ്രമത്തിലായതിനാലാണ് ആന്‍റണി എത്താതിരുന്നത്. 57 മുതിർന്ന നേതാക്കളാണ് പ്രവര്‍ത്തക സമിതി യോഗത്തിൽ പങ്കെടുത്തത്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News