വാക്സിന്‍ വിതരണത്തിലെ അപാകതകള്‍; സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
അന്തര്‍ സംസ്ഥാന തലത്തില്‍ വാക്സിന്‍ എത്തിക്കേണ്ടത് സംസ്ഥാനത്തിന്‍റെ ചുമതലയാണെന്ന് മന്ത്രി പറഞ്ഞു
വാക്സിന്‍ വിതരണത്തിലെ അപകതകളില്‍ സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലെ ചില രാഷ്ട്രീയ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായിരുന്നു ആരോഗ്യമന്ത്രിയുടെ ട്വീറ്റ്.
വാക്സിന്‍ വിതരണം സംബന്ധിച്ച് ചില രാഷ്ട്രീയക്കാർ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നുണ്ട്. സംസ്ഥാനങ്ങളിലെ വാക്സിന്‍ വിതരണത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, വാക്സിനേഷൻ ഡ്രൈവുകൾ നന്നായി ആസൂത്രണം ചെയ്യേണ്ടതിന്‍റെ ആവശ്യകതയാണ് അത് ചൂണ്ടിക്കാട്ടുന്നതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രീകൃതമായ സംവിധാനത്തിലൂടെയാണ് രാജ്യത്ത് വാക്സിന്‍ വിതരണം നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 75 ശതമാനം സൗജന്യ വാക്സിന്‍ വിതരണം ആരംഭിച്ചതിനു പിന്നാലെയാണ് രാജ്യത്തെ വാക്സിനേഷന്‍ പ്രക്രിയ വേഗത്തിലായത്. ജൂണില്‍ 11.50 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തതായും ആരോഗ്യമന്ത്രി അറിയിച്ചു.
ജൂലൈ മാസത്തിലെ വാക്സിന്‍ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. 12 കോടി ഡോസ് ജൂലൈയിൽ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അന്തര്‍ സംസ്ഥാന തലത്തില്‍ വാക്സിന്‍ എത്തിക്കേണ്ടത് സംസ്ഥാനത്തിന്‍റെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി. മഹാമാരിക്കിടെ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
👉If there are issues in states, it shows that they need to better plan their #vaccination drives. Intra-state planning & logistics are the responsibility of the states
— Dr Harsh Vardhan (@drharshvardhan) July 1, 2021
👉I request these leaders to desist from their shameless urge to play politics even in the midst of a pandemic