ബലാത്സംഗികളുടെ ഭാഷ ഉപയോഗിക്കുന്നത് നിര്‍ത്തൂ; അശോക് ഗെലോട്ടിനെതിരെ ഡല്‍ഹി വനിത കമ്മീഷന്‍

നിർഭയയെ പരിഹസിച്ച രീതി ബലാത്സംഗ ഇരകളുടെ വികാരത്തെ വ്രണപ്പെടുത്തി

Update: 2022-08-08 03:48 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: രാജ്യത്ത് നടക്കുന്ന ബലാത്സംഗങ്ങളെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമർശിച്ച് ഡൽഹി വനിതാ കമ്മീഷൻ. ഗെലോട്ട് ബലാത്സംഗികളുടെ ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

''രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ബലാത്സംഗികളുടെ ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം, നിർഭയയെ പരിഹസിച്ച രീതി ബലാത്സംഗ ഇരകളുടെ വികാരത്തെ വ്രണപ്പെടുത്തി.കൊച്ചുകുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ തൂക്കിക്കൊല്ലാനുള്ള നിയമം കൊണ്ടുവരാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു" ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ എഎൻഐയോട് പറഞ്ഞു. രാജസ്ഥാനിൽ ബലാത്സംഗക്കേസുകൾ വര്‍ധിച്ചതിനാല്‍ മന്ത്രി സ്വന്തം സംസ്ഥാനത്ത് നിയമം കർശനമായി നടപ്പാക്കണമെന്നും സ്വാതി ആവശ്യപ്പെട്ടു. ഉപയോഗശൂന്യമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് പകരം രാജസ്ഥാനില്‍ നിയമം കർശനമായി നടപ്പാക്കേണ്ടത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ ഉത്തരവാദിത്തമാണെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ കേന്ദ്ര സർക്കാരിനെതിരെ വെള്ളിയാഴ്ച ഡല്‍ഹിയില്‍ കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടെയായിരുന്നു ഗെലോട്ടിന്‍റെ വിവാദപരാമര്‍ശം. ബലാത്സംഗക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനുള്ള നിയമം നിലവിൽ വന്നതുമുതൽ രാജ്യത്തുടനീളം ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകങ്ങൾ വർധിച്ചു. നിർഭയ കേസിന് ശേഷം പ്രതികളെ തൂക്കിലേറ്റണമെന്ന ആവശ്യം ശക്തമായി, അതിന് ശേഷമാണ് നിയമം നിലവിൽ വന്നത്. ഇതേതുടർന്ന്, ബലാത്സംഗത്തിന് ശേഷം സ്ത്രീകളെ കൊലപ്പെടുത്തുന്ന കേസുകൾ വർധിച്ചിട്ടുണ്ട്. ഇത് രാജ്യത്ത് അപകടകരമായ പ്രവണതയാണ് കാണിക്കുന്നതെന്നുമായിരുന്നു ഗെലോട്ടിന്‍റെ പരാമര്‍ശം.

അതേസമയം, ഗെലോട്ടിന്‍റെ പ്രസ്താവന വിവാദമായതോടെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഉദ്യോഗസ്ഥനായ ലോകേഷ് ശർമ്മ വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ബലാത്സംഗത്തിന് ഇരയായവരെ കൊല്ലുന്ന പ്രവണതയിൽ, ഗെലോട്ട് ആശങ്ക പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ലോകേഷ് ശർമ്മ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News