തെരുവുനായ കേസ് ഇന്ന് സുപ്രിംകോടതിയിൽ; ഇടക്കാല ഉത്തരവിന് സാധ്യത

അപകടകാരികളായ നായകളെ കൊല്ലാൻ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം

Update: 2022-10-12 02:40 GMT
Advertising

ഡല്‍ഹി: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹരജിയിൽ സുപ്രിംകോടതി ഇന്ന് വാദം കേൾക്കും. പേപ്പട്ടികളെയും അപകടകാരികളായ നായകളെയും കൊല്ലാൻ കേന്ദ്ര നിയമം അനുവദിക്കുന്നില്ല. തെരുവുനായകളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൊല്ലാനുള്ള അനുമതി താൽക്കാലികമായെങ്കിലും നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേസില്‍ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും.

കൂടുതൽ പേർ,കക്ഷി ചേർന്നതിനാൽ വാദം കേൾക്കാൻ കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, കേസ് ഇന്നത്തേക്ക് മാറ്റിയത്. ദീപാവലി അവധി കഴിഞ്ഞു കേസ് എടുത്താൽ മതിയെന്ന ആവശ്യം കോടതി ഇന്നലെ അംഗീകരിച്ചിരുന്നില്ല. വാക്‌സിൻ സ്വീകരിച്ചിട്ടും പേ വിഷബാധയേറ്റ കുട്ടി മരിച്ച സാഹചര്യമുൾപ്പെടെ ഹരജിക്കാർ നേരത്തെ ചൂണ്ടികാട്ടിയതാണ് കേസ് ഉടൻ പരിഗണിക്കാൻ കാരണം.

കേരളത്തിൽ ദിവസേന നൂറുകണക്കിന് ആളുകൾക്കാണ് നായയുടെ കടിയേൽക്കുന്നതെന്നു കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തെരുവ്‌നായ്ക്കളുടെ എണ്ണം നിയന്ത്രണാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ കൊല്ലാനുള്ള അനുമതി തേടി കണ്ണൂർ ജില്ലാപഞ്ചായത്തും കോഴിക്കോട് കോർപറേഷനും സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഈ അപേക്ഷയിലും സുപ്രിംകോടതി തീരുമാനമെടുക്കും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News