പരീക്ഷക്ക് കുറഞ്ഞ മാർക്ക് നൽകിയതിന് അധ്യാപകനെ വിദ്യാർഥികൾ മരത്തിൽ കെട്ടിയിട്ട് തല്ലി

ജാർഖണ്ഡിലെ ദുംക ജില്ലയിൽ സർക്കാർ നടത്തുന്ന പട്ടികവർഗ റെസിഡൻഷ്യൽ സ്‌കൂളിൽ തിങ്കളാഴ്ചയാണ് സംഭവം.

Update: 2022-08-31 02:33 GMT
Advertising

ദുംക (ജാർഖണ്ഡ്): ഒമ്പതാം ക്ലാസിലെ പ്രായോഗിക പരീക്ഷക്ക് കുറഞ്ഞ മാർക്ക് നൽകിയെന്നാരോപിച്ച് കണക്ക് അധ്യാപകനെയും സ്‌കൂൾ ക്ലാർക്കിനെയും വിദ്യാർഥികൾ മരത്തിൽ കെട്ടിയിട്ട് തല്ലി. ജാർഖണ്ഡിലെ ദുംക ജില്ലയിൽ സർക്കാർ നടത്തുന്ന പട്ടികവർഗ റെസിഡൻഷ്യൽ സ്‌കൂളിൽ തിങ്കളാഴ്ചയാണ് സംഭവം.

പരീക്ഷയെഴുതിയ 32 വിദ്യാർഥികളിൽ 11 പേർക്ക് ഡിഡി ഗ്രേഡാണ് കിട്ടിയത്. തോൽവിക്കുതുല്യമാണിത്. ജാർഖണ്ഡ് അക്കാദമിക് കൗൺസിൽ (ജെ.എ.സി.) വെബ്‌സൈറ്റിൽ ഈ ഫലം പ്രസിദ്ധീകരിച്ചു. ഇതേത്തുടർന്നാണ് സുമൻ കുമാർ എന്ന അധ്യാപകനെയും സോനെറാം ചൗരെ എന്ന ക്ലാർക്കിനെയും വിദ്യാർഥികൾ മർദിച്ചത്.

എന്നാൽ, ഇരുവരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും ഗോപികന്ദർ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള നിത്യാനന്ദ് ഭോക്ത പറഞ്ഞു. കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നുപറഞ്ഞാണ് സ്‌കൂൾ അധികൃതർ പരാതി നൽകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രായോഗികപരീക്ഷയിൽ സുമൻകുമാർ മാർക്ക് കുറച്ചിട്ടതിനാലാണ് തോറ്റതെന്ന് വിദ്യാർഥികൾ ആരോപിച്ചു. മാർക്ക് ജെഎസിയുടെ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തതിനാണ് ക്ലാർക്കിനെ അടിച്ചത്.

200 കുട്ടികളാണ് പട്ടികവർഗ റെസിഡൻഷ്യൽ സ്‌കൂളിൽ പഠിക്കുന്നത്. ഇവരിൽ ഭൂരിപക്ഷവും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഭോക്തയ്‌ക്കൊപ്പം സ്‌കൂളിൽ അന്വേഷണത്തിനുചെന്ന ഗോപികന്ദർ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ അനന്ത് ഝാ പറഞ്ഞു. സ്‌കൂളിലെ ക്രമസമാധാനം നിലനിർത്തുന്നതിന് ഒമ്പതും പത്തും ക്ലാസുകളിലെ അധ്യയനം രണ്ടുദിവസത്തേക്ക് നിർത്തിവെച്ച് കുട്ടികളെ വീട്ടിലേക്കയച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News