ഹിജാബ് ധരിച്ചവർ മദ്രസയിലാണ് പോകേണ്ടത്, സ്‌കൂളിലല്ല-ബിജെപി എംപി

കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് 'സിദ്ധറഹീമയ്യ' ആകാവുന്നതാണെന്ന് പ്രതാപ് സിംഹ എംപി ആക്ഷേപിച്ചു. ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥിനികളെ പിന്തുണച്ച് സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു

Update: 2022-02-06 15:22 GMT
Editor : Shaheer | By : Web Desk
Advertising

ഹിജാബ് ധരിച്ച വിദ്യാർത്ഥികൾ മദ്രസയിലാണ്, സ്‌കൂളിലേക്കല്ല പോകേണ്ടതെന്ന് കർണാടകയിൽനിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹ. എല്ലാവരും സ്‌കൂളിൽ വരുന്നത് നല്ല ജോലി നേടാനുള്ള വിദ്യാഭ്യാസം നേടാനാണ്. എന്നാൽ, ഈ കുട്ടികൾ ഹിജാബ് ധരിക്കാൻ വേണ്ടിയാണ് സ്‌കൂളിൽ വരുന്നതെന്നും സിംഹ വിമർശിച്ചു.

നിങ്ങൾക്ക് വേണമെങ്കിൽ ഹിജാബോ ബുർഖയോ തൊപ്പിയോ പൈജാമയോ എന്തുവേണമെങ്കിലും ധരിച്ചോളൂ... എന്നാൽ, അതുമായി സ്‌കൂളിൽ വരരുത്. മദ്രസയിൽ പൊയ്‌ക്കൊള്ളൂ. നിങ്ങളുടെ വികാരങ്ങൾ മാനിച്ചാണ് സർക്കാർ മദ്രസകൾക്കായി പ്രത്യേക ഫണ്ട് അനുവദിച്ചത്. നിങ്ങൾ അങ്ങോട്ടു പോകൂ-പ്രതാപ് സിംഹ പറഞ്ഞു.

ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥിനികളെ പിന്തുണച്ച കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെയും പ്രതാപ് സിംഹ വിമർശിച്ചു. സിദ്ധരാമയ്യയ്ക്ക് 'സിദ്ധറഹീമയ്യ' ആകാവുന്നതാണെന്ന് എംപി ആക്ഷേപിച്ചു.

സ്‌കൂളിലും കോളജിലും യൂനിഫോം നിർബന്ധമാക്കി കർണാടക സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിട്ടുണ്ട്. കർണാടകയിലെ കാംപസുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയ സംഭവം ദേശീയ തലത്തിൽ ചർച്ചയായതിന് പിന്നാലെയാണ് ഉത്തരവ്. 1983ലെ കർണാടക വിദ്യാഭ്യാസ ആക്ട് പ്രകാരമാണ് സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ കോളജുകളിലും സ്‌കൂളുകളിലും യൂനിഫോം നിർബന്ധമാക്കിയത്.

കഴിഞ്ഞ നാലു ദിവസവും കർണാടകയിലെ ഉഡുപ്പി ജില്ലയിലുള്ള കുന്ദാപുര ഗവൺമെൻറ് പിയു കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യർഥിനികളെ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ച വിദ്യാർഥികളെ ബലം പ്രയോഗിച്ചാണ് കാംപസിൽനിന്ന് പുറത്താക്കിയത്.

ഹിജാബ് ധരിച്ചവർക്ക് വിഭ്യാഭ്യാസം നിഷേധിക്കരുതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ പെൺകുട്ടികളുടെ ഭാവി തകർക്കരുതെന്നും വിദ്യയുടെ കാര്യത്തിൽ സരസ്വതി ദേവി ആരോടും വേർതിരിവ് കാണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന മോദി സർക്കാർ അവരുടെ വിദ്യാഭ്യാസം തടയുകയാണെന്ന് ബിഎസ്പി എംപി ഡാനിഷ് അലി ലോക്‌സഭയിൽ പറഞ്ഞു. ഹിജാബിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ എസ്എഫ്‌ഐ രംഗത്തെത്തി.

Summary: Students with hijab should go to madrassa, not school, says BJP Lok Sabha MP from Karnataka Pratap Simha

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News