ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വീന്ദർ സിങ് സുഖു നാളെ സത്യപ്രതിജ്ഞ ചെയ്യും
ഹൈക്കമാൻഡ് നിരീക്ഷകർ താമസിക്കുന്ന ഹോട്ടലിന് മുന്നിൽ പ്രതിഭാ സിങ്ങ് അനുകൂലികളുടെ പ്രതിഷേധം
ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വീന്ദർ സിങ് സുഖു നാളെ സത്യപ്രതിജ്ഞ ചെയ്യും. അഞ്ച് തവണ എംഎൽഎയായ മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയുമാകും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. അനിശ്ചിതത്വങ്ങൾക്കൊടുവിൽ സുഖ്‌വീന്ദർ സിങ്ങിനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു.
ഹമീർപൂർ ജില്ലയിലെ നദൗനിൽ നിന്നുള്ള എംഎൽഎയാണ് 58 കാരനായ സുഖ്‌വീന്ദർ. 'ഉപമുഖ്യമന്ത്രി മുകേഷ് അഗ്‌നിഹോത്രിയും ഞാനും ഒരു ടീമായി പ്രവർത്തിക്കും. 17-ാം വയസ്സിൽ ഞാൻ രാഷ്ട്രീയജീവിതം ആരംഭിച്ചു. കോൺഗ്രസ് പാർട്ടി എനിക്കായി ചെയ്ത കാര്യങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല,' സുഖ്‌വീന്ദർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹിമാചൽ പ്രദേശ് കോൺഗ്രസിന്റെ മുൻ അധ്യക്ഷൻ കൂടിയായ സുഖ്‌വീന്ദർ നാല് തവണ എംഎൽഎയായിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അടുത്തയാളാണ് സുഖ് വീന്ദർ സിങ്. മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ ഭാര്യയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷയുമായ പ്രതിഭാ സിങ്ങിനെയും മുകേഷ് അഗ്‌നിഹോത്രിയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.1980-കളുടെ അവസാനത്തിൽ നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന ഘടകത്തെ നയിച്ചാണ് സുഖ് വീന്ദർ സിങ്ങിന്റെ തുടക്കം.
ഹൈക്കമാൻഡ് നിരീക്ഷകർ താമസിക്കുന്ന ഹോട്ടലിന് മുന്നിൽ പ്രതിഭാ സിങ്ങിനെ അനുകൂലിക്കുന്നവർ പ്രതിഷേധിച്ചത് ആശങ്കയ്ക്കിടയാക്കി. പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കാത്തതിനെ ചൊല്ലിയായിരുന്നു പ്രതിഷേധം. ഹൈക്കമാൻഡ് നിരീക്ഷകരിൽ ഒരാളായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ കാർ തടഞ്ഞ് അവർ പ്രതിഭാ സിംഗിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വീർഭദ്ര സിങ്ങിന്റെ പേരിലാണ് തെരഞ്ഞെടുപ്പ് വിജയം സാധ്യമായതെന്ന് പ്രതിഭാ സിങ് അനുയായികൾ വാദിച്ചു.
എന്നാൽ തെരഞ്ഞെടുക്കപ്പെട്ട 40 എം.എൽ.എമാരുടെ പിന്തുണയില്ലാത്തതാണ് പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിന് കാരണമെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. ആകെയുള്ള 68 നിയമസഭാ സീറ്റിൽ 40 ഉം കീഴടക്കിയാണ് കോൺഗ്രസ് അധികാരത്തിലേറുന്നത്.