പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; സുപ്രിംകോടതി മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര അന്വേഷണ സംഘം അധ്യക്ഷ

ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചിന്‍റേതാണ് വിധി

Update: 2022-08-30 11:44 GMT
Editor : abs | By : abs
Advertising

ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച പരിശോധിക്കാനുള്ള സമിതിക്ക് സുപ്രിം കോടതി മുൻ ജഡ്ജ് ജസ്റ്റിസ് ഇന്ദു മൽഹോത്ര നേതൃത്വം നൽകും. അന്വേഷണം നിഷ്പക്ഷമായിരിക്കണമെന്ന് നിർദേശിച്ച കോടതി അതിനാണ് ജുഡീഷ്യറിയിൽ പരിചയം സിദ്ധിച്ച ആളെ തലപ്പത്ത് നിയോഗിക്കുന്നത് എന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ അംഗങ്ങളുമായ ബഞ്ചിന്റേതാണ് വിധി.

ചണ്ഡിഗഡ് ഡി.ജി.പി, എൻ.ഐ.എ ഐ.ജി, ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റുള്ളവർ. കേന്ദ്രവും സംസ്ഥാനവും സ്വന്തം നിലയ്ക്ക് വിഷയത്തിൽ അന്വേഷണം നടത്തേണ്ടതില്ലെന്ന് നേരത്തെ സുപ്രിം കോടതി നിർദേശിച്ചിരുന്നു. 



സുരക്ഷാ വീഴ്ച സംബന്ധിച്ച് കാബിനറ്റ് സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സമിതി നടത്തുന്ന അന്വേഷണവുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ആവശ്യം കോടതി അനുവദിച്ചിരുന്നില്ല. പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച വിഷയങ്ങൾ കേന്ദ്ര സർക്കാറിന് മാത്രമേ അന്വേഷിക്കാൻ ആകൂ എന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം.

ഫിറോസ്പൂരിലെ റാലിയിൽ പങ്കെടുക്കാൻ റോഡ് മാർഗം യാത്ര തിരിക്കവെ കർഷക പ്രതിഷേധത്തെ തുടർന്ന് മോദിയുടെ വാഹന വ്യൂഹം മേൽപ്പാലത്തിൽ കുടുങ്ങുകയായിരുന്നു. 20 മിനിറ്റോളം മേൽപ്പാലത്തിൽ കുടുങ്ങിയ മോദി പിന്നീട് യാത്ര റദ്ദാക്കി.  

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News