പ്രതികളുടെ സ്വത്ത് മരവിപ്പിച്ച് കേസ് വലിച്ചുനീട്ടുന്നത് എന്തിന് ? കേന്ദ്ര ഏജന്‍സികള്‍ക്ക് സുപ്രീം കോടതി വിമര്‍ശനം

ജനപ്രതിനിധികൾ കുറ്റക്കാരെങ്കിൽ വേഗത്തിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നും കോടതി.

Update: 2021-08-25 08:07 GMT
Editor : Suhail | By : Web Desk
Advertising

ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകൾ ഹൈക്കോടതി അനുമതിയുണ്ടെങ്കിൽ പിൻവലിക്കാമെന്ന് സുപ്രീംകോടതി. പിൻവലിക്കുന്നതിന് മുമ്പ് കേസുകൾ കൃത്യമായി പരിശോധിക്കണം. പ്രതികളുടെ സ്വത്തുക്കള്‍ മരവിപ്പിച്ച ശേഷം കേസുകള്‍ വലിച്ചുനീട്ടുന്നതിൽ സി.ബി.ഐയെയും ഇ.ഡിയെയും കോടതി വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ജനപ്രതിനിധികൾക്കെതിരായ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹൈക്കോടതി റിപ്പോർട്ടുകളും എൻ.ഐ.എ, ഇ.ഡി, സി.ബി.ഐ കേസുകളുമായി ബന്ധപ്പെട്ട കേന്ദ്ര റിപ്പോർട്ടും ബെഞ്ച് പരിശോധിച്ചു. എം.പിമാർക്കും എം.എൽ.എമാർക്കുമെതിരെയുള്ള ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്നും കോടതി നിർദേശം നൽകി.

ജനപ്രതിനിധികൾ കുറ്റക്കാരെങ്കിൽ വേഗത്തിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണം. അതേസമയം എം.എൽ.എമാർക്കും എം.പിമാർക്കും എതിരെയുള്ള കേസുകൾ പിൻവലിക്കുന്നതിനെ പൂർണമായി എതിർക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസുകൾ പിൻവലിക്കുന്നതിന് മുൻപ് കൃത്യമായി പരിശോധിക്കണം. ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കിൽ കേസുകൾ പിൻവലിക്കാമെന്നും സുപ്രിംകോടതി നിർദേശിച്ചു.

അതേസമയം റിപ്പോർട്ടുകൾ പരിശോധിച്ച കോടതി കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളിൽ ഇ.ഡി സ്വത്ത് കണ്ടുകെട്ടിയതിന് ശേഷം നടപടികൾ വൈകിപ്പിക്കുന്നു. പത്ത് മുതൽ ഇരുപത് വർഷം വരെ ഇത്തരം നടപടികൾ നീണ്ടു പോയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും കേന്ദ്രത്തിന് സുപ്രിം കോടതി നിർദേശം നൽകി.

സാമ്പത്തിക ക്രമക്കേട് കേസുകളിലെ അന്വേഷണം പൂർത്തിയാകാൻ സമയം എടുക്കുമെന്നാണ് സോളിസിറ്റർ ജനറൽ തുഷാർമേത്ത മറുപടി നല്‍കിയത്. കേസിൽ ഉത്തരവ് പിന്നീട് പുറപ്പെടുവിപ്പിക്കുമെന്ന് കോടതി വ്യക്തമാക്കി.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News