ഭരണഘടനയെ അധിക്ഷേപിച്ചു; നരസിംഹാനന്ദിന് സുപ്രിംകോടതിയുടെ നോട്ടീസ്

നരസിംഹാനന്ദിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ഹരജിയിലാണ് നടപടി

Update: 2023-07-08 06:19 GMT

Narsinghanand

Advertising

ഡല്‍ഹി: ഇന്ത്യൻ ഭരണഘടനയ്ക്കും സുപ്രിംകോടതിക്കും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ധര്‍മ സന്‍സദ് നേതാവ് യതി നരസിംഹാനന്ദിന് സുപ്രിംകോടതിയുടെ നോട്ടീസ്. നരസിംഹാനന്ദിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആക്ടിവിസ്റ്റ് ഷാച്ചി നെല്ലിയുടെ ഹരജിയിലാണ് നടപടി. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, എം.എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്.

2022ൽ നൽകിയ ഒരു അഭിമുഖത്തിലാണ് നരസിംഹാനന്ദ് ഭരണഘടനയെയും സുപ്രിംകോടതിയെയും അധിക്ഷേപിച്ചത്- "സുപ്രിംകോടതിയിലും ഭരണഘടനയിലും ഞങ്ങൾക്ക് വിശ്വാസമില്ല. ഈ രാജ്യത്തെ 100 കോടി ഹിന്ദുക്കളെ ഭരണഘടന ഇല്ലാതാക്കും. ഈ ഭരണഘടനയിൽ വിശ്വസിക്കുന്നവർ കൊല്ലപ്പെടും. ഈ വ്യവസ്ഥിതിയിൽ, രാഷ്ട്രീയക്കാരിൽ, സുപ്രിംകോടതിയിൽ, സേനയില്‍ വിശ്വസിക്കുന്നവര്‍ പട്ടിയെപ്പോലെ മരിക്കും".

അറ്റോർണി ജനറലായിരുന്ന കെ.കെ വേണുഗോപാൽ, നരസിംഹാനന്ദിന്റെ പരാമർശങ്ങള്‍ക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ ഹരജിക്കാരന് അനുമതി നല്‍കിയിരുന്നു. നരസിംഹാനന്ദയുടെ പരാമർശം അനുയായികൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. നിരവധി പേരെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു വ്യക്തി നടത്തുന്ന ഇത്തരം പരാമർശങ്ങൾ തടയണമെന്നും ശിക്ഷ നല്‍കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

ഹരിദ്വാർ വിദ്വേഷ പ്രസംഗമടക്കം നിരവധി കൊലവിളി പ്രസ്താവനകളിലൂടെ കുപ്രസിദ്ധനാണ് നരസിംഹാനന്ദ്. മുസ്‌ലിംകൾക്കെതിരെ വംശഹത്യാ ആഹ്വാനമുണ്ടായ, ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന ധർമസൻസദിന്റെ മുഖ്യസംഘാടകനായിരുന്നു. ഹരിദ്വാർ വിദ്വേഷ പ്രസംഗത്തിൽ നരസിംഹാനന്ദയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. മഹാത്മാ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ സംഭവത്തിലും നരസിംഹാനന്ദിനെതിരെ കേസെടുത്തിരുന്നു. കോടിക്കണക്കിന് ഹിന്ദുക്കളുടെ കൊലപാതകത്തിന് ഉത്തരവാദിയാണ് മഹാത്മാ ഗാന്ധിയെന്നും അദ്ദേഹത്തെ രാഷ്ട്രപിതാവായി അംഗീകരിക്കാനാകില്ലെന്നുമാണ് നരസിംഹാനന്ദ് പറഞ്ഞത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News