'സുപ്രിംകോടതി മുസ്‍ലിം പ്രീണനം നടത്തുന്നു': സുദര്‍ശന്‍ ടിവി മേധാവിയെ പിന്തുണച്ച് ഹിന്ദുത്വ സംഘടനാ നേതാക്കള്‍

ചാവങ്കെതിരെ ഒരു കുറ്റവും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് സുപ്രിംകോടതി ചോദിക്കുന്നത് വിചിത്രമാണെന്ന് രാഷ്ട്ര നിർമാൺ പാർട്ടി അധ്യക്ഷനും വിരമിച്ച ഐ.പി.എസ് ഓഫീസറുമായ ആനന്ദ് കുമാർ

Update: 2023-02-07 14:10 GMT
Advertising

ഡല്‍ഹി: സുപ്രിംകോടതി മുസ്‍ലിം പ്രീണനം നടത്തുന്നുവെന്ന് ഹിന്ദുത്വ സംഘടനാ നേതാക്കള്‍. സുദര്‍ശന്‍ ടിവി ചീഫ് സുരേഷ് ചാവങ്കെയ്ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സുപ്രിംകോടതിക്കെതിരെ നേതാക്കള്‍ രംഗത്തെത്തിയത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ മരിക്കാനും കൊല്ലാനും തയ്യാറാവാനുള്ള ചാവങ്കെയുടെ ആഹ്വാനത്തിനെതിരായ സുപ്രിംകോടതി നിരീക്ഷണം അനാവശ്യമായ നിയമ പീഡനമാണെന്ന് അനുയായികള്‍ ആരോപിച്ചു. ഫെബ്രുവരി അഞ്ചിന് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പരിപാടിയിലാണ് സുപ്രിംകോടതിക്കെതിരായ പരാമര്‍ശങ്ങളുണ്ടായത്. രാഗിണി തിവാരി, സൂരജ് പാൽ അമു, ആസ്ത മാ, അന്നപൂർണ ഭാരതി തുടങ്ങിയ ഹിന്ദുത്വ നേതാക്കൾ പരിപാടിയില്‍ പങ്കെടുത്തു.

"ആവശ്യമെങ്കിൽ നമ്മള്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യും. എന്നാൽ എന്തുവില കൊടുത്തും ഈ രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും. നമ്മുടെ പൂർവികരും ദൈവങ്ങളും ലക്ഷ്യം നേടാനുള്ള ശക്തി നമുക്ക് നൽകട്ടെ"- എന്നാണ് ഹിന്ദു യുവവാഹിനിയുടെ പരിപാടിയിൽ സുരേഷ് ചാവങ്കെ പ്രതിജ്ഞ ചെയ്തത്. ഈ വിദ്വേഷ പ്രസംഗത്തെ കഴിഞ്ഞ വർഷം ഏപ്രിലിൽ സുപ്രിംകോടതി വിമർശിച്ചിരുന്നു. പരിപാടിയില്‍ വിദ്വേഷ പ്രസംഗമുണ്ടായിട്ടില്ലെന്ന ഡല്‍ഹി പൊലീസിന്‍റെ റിപ്പോര്‍ട്ടിനെയും കോടതി വിമര്‍ശിച്ചു.

എന്നാല്‍ ചാവങ്കെയെ പിന്തുണയ്ക്കുന്നവര്‍ ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ജന്തര്‍ മന്തറില്‍ ഒത്തുചേര്‍ന്ന് ചാവങ്കെയുടെ പ്രതിജ്ഞയില്‍ ഒരു തെറ്റുമില്ലെന്ന് അവകാശപ്പെട്ടു. രാഷ്ട്ര നിർമാൺ പാർട്ടി അധ്യക്ഷനും വിരമിച്ച ഐ.പി.എസ് ഓഫീസറുമായ ആനന്ദ് കുമാർ പറഞ്ഞതിങ്ങനെ- "അന്വേഷണത്തില്‍ ചാവങ്കെതിരെ ഒരു കുറ്റവും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും നടപടിയെടുക്കുന്നില്ലെന്നും സുപ്രിംകോടതി ചോദിക്കുന്നത് വിചിത്രമാണ്. സുപ്രിംകോടതി ഇസ്‍ലാമിനോട് പക്ഷപാതിത്വം കാണിക്കുകയും മുസ്‌ലിം പ്രീണനം നടത്തുകയും ചെയ്യുന്നു".

വിദ്വേഷ പ്രസംഗങ്ങൾ മുന്‍പും നടത്തിയിട്ടുള്ള കർണിസേന നേതാവ് സൂരജ് പാൽ അമുവും ചവാങ്കെയെ പിന്തുണച്ച് സംസാരിച്ചു- "ചാവങ്കെയ്‌ക്കെതിരെ ഒരു ലോബി പ്രവർത്തിക്കുന്നു. പക്ഷേ അദ്ദേഹം എളുപ്പത്തിൽ പിഴുതെറിയാന്‍ കഴിയുന്ന ഒരു കാരറ്റോ റാഡിഷോ അല്ലെന്ന് അവരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കും. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാൻ ചാവങ്കെയ്ക്ക് രാജ്യത്തുടനീളം പിന്തുണ ലഭിക്കുന്നു. അദ്ദേഹത്തിന് തുടർന്നും പിന്തുണ ലഭിക്കും. ഞങ്ങൾ ഒന്നും ആവശ്യപ്പെടുന്നില്ല. രാജ്യദ്രോഹികളെയും ഇവിടെ ജീവിച്ച് പാകിസ്താനോട് കൂറുകാണിക്കുന്നവരെയും നീക്കാന്‍ മാത്രമാണ് ആവശ്യപ്പെടുന്നത്".

നമ്മുടെ അമ്മമാരെയും സഹോദരിമാരെയും രക്ഷിക്കുന്ന ഒരേയൊരു ചാനൽ സുരേഷ് ചാവങ്കെയുടെ നേതൃത്വത്തിലുള്ള സുദർശൻ ന്യൂസ് ആണെന്ന് ദസ്നാ ദേവി ക്ഷേത്രത്തിലെ അമൃതാനന്ദ് പറഞ്ഞു. ലവ് ജിഹാദ്, ലാൻഡ് ജിഹാദ് എന്നിവയുൾപ്പെടെ നിരവധി തരം ജിഹാദുകൾ സുദര്‍ശന്‍ ന്യൂസ് തുറന്നുകാട്ടുന്നുവെന്നു അദ്ദേഹം പറഞ്ഞു.

സദസ്സിൽ നാനൂറോളം പേര്‍ ഉണ്ടായിരുന്നു. അവരിൽ മൂന്നിലൊന്ന് സ്കൂൾ വിദ്യാർഥികളായിരുന്നു- "ഞങ്ങളുടെ ഗുരുജി (അധ്യാപകൻ) ഞങ്ങളെ ഇവിടെ എത്തിച്ചു. എന്തിനാണ് കൊണ്ടുവന്നതെന്ന് എനിക്കറിയില്ല" ഹരിയാനയില്‍ നിന്നുള്ള വിദ്യാര്‍ഥി പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

സുപ്രിംകോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് 2022 മെയ് 4നാണ് ചാവങ്കെക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഈ വര്‍ഷം ജനുവരി 10ന് സുപ്രിംകോടതി ഡൽഹി പൊലീസിനെ വീണ്ടും വിമർശിച്ചു, എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് എട്ട് മാസം കഴിഞ്ഞിട്ടും അറസ്റ്റോ കുറ്റപത്രമോ ഇല്ലെന്നായിരുന്നു വിമര്‍ശനം.

ഫെബ്രുവരി അഞ്ചിന് ജന്തര്‍ മന്തറില്‍ നടന്ന പരിപാടിയില്‍ ചാവങ്കെ പങ്കെടുത്തില്ല. എന്നാല്‍ "ഹിന്ദുരാഷ്ട്രത്തിനായുള്ള സത്യപ്രതിജ്ഞ എങ്ങനെയാണ് കുറ്റകൃത്യമാകുന്നത്?" എന്ന പരിപാടിയുടെ പോസ്റ്റർ ചാവങ്കെ ട്വീറ്റ് ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത കുട്ടികളുടെ ഉള്‍പ്പെടെ ദൃശ്യങ്ങളും ട്വീറ്റ് ചെയ്തു.

Summary- At a demonstration at New Delhi's Jantar Mantar on February 5, supporters of Sudarshan TV head and Hindutva activist Suresh Chavhanke said that Supreme court favouring Muslims

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News