ഈ വര്‍ഷം സുപ്രിംകോടതിയുടെ തലപ്പത്ത് മൂന്ന് ചീഫ് ജസ്റ്റിസുമാര്‍
ആഗസ്ത് 16ന് നിലവിലെ ചീഫ് ജസ്റ്റിസ് എൻ വി രമണ കാലാവധി പൂർത്തിയാക്കുന്നതോടെ ജസ്റ്റിസ് യു.യു ലളിത് ചുമതലയേൽക്കും
ഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസുമാരുടെ മാറ്റം കൊണ്ട് ചരിത്രത്തിന്‍റെ ഭാഗമാകുകയാണ് 2022. ഒരു വർഷത്തിനിടെ മൂന്ന് ജസ്റ്റിസുമാരാണ് പരമോന്നത നീതിപീഠത്തിന്റ തലപ്പത്തെത്തുന്നത്. എൻ.വി രമണക്ക് പിന്നാലെ യു.യു ലളിതും ഡി.വൈ ചന്ദ്രചൂഡും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ തലവര നിർണയിക്കും.
ആഗസ്ത് 16ന് നിലവിലെ ചീഫ് ജസ്റ്റിസ് എൻ വി രമണ കാലാവധി പൂർത്തിയാക്കുന്നതോടെ ജസ്റ്റിസ് യു.യു ലളിത് ചുമതലയേൽക്കും. എന്നാൽ രണ്ട് മാസം മാത്രമായിരിക്കും യു.യു ലളിത് പരമോന്നത കോടതിയുടെ അമരക്കാരനാവുക. നവംബർ എട്ടിന് യു.യു ലളിതും കാലാവധി പൂർത്തിയാക്കി മടങ്ങും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആണ് അടുത്ത പകരക്കാരൻ. നവംബർ 9 മുതൽ രണ്ട് വർഷത്തേക്കാണ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തുടരുക. ഡി.വൈ ചന്ദ്രചൂഡ് സുപ്രിംകോടതി ചീഫ് ജസ്റ്റിസാകുന്നതോടെ അച്ഛനും മകനും ചീഫ് ജസ്റ്റിസ് പദവി അലങ്കരിച്ചുവെന്ന ചരിത്ര മുഹൂർത്തത്തിനും സുപ്രിംകോടതി സാക്ഷിയാകും. സുപ്രിംകോടതിയുടെ പതിനാറാമത് ചീഫ് ജസ്റ്റിസായ വൈ.വി ചന്ദ്രചൂഡിന്റെ മകനാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.
നിലവിൽ സുപ്രിംകോടതിയിൽ രണ്ട് ജഡ്ജിമാരുടെ ഒഴിവുമാത്രമാണ് ഉള്ളത്. എന്നാൽ വരും മാസങ്ങളിൽ അത് ഇരട്ടിയിലധികമാകും. മെയ് 10ന് ജസ്റ്റിസ് വിനീത് ശരണും ജൂണ്‍ ഏഴിന് ജസ്റ്റിസ് എൽ നാഗേശ്വർ റാവുവും ജൂലൈ 29ന് ജസ്റ്റിസ് എ.എം ഖാൻവിൽക്കറും വിരമിക്കും. സുപ്രിംകോടതിയിലെ നാല് വനിതാ ജഡ്ജിമാരിൽ മുതിർന്ന ആളായ ജസ്റ്റിസ് ഇന്ദിരാ ബാനർജി സെപ്തംബർ 23നും ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഒക്ടോബർ 16നും വിരമിക്കും. എന്നാൽ മൂന്ന് കോടിയിലധികം കേസുകൾ തീർപ്പ് കൽപ്പിക്കാനുള്ളതിനാൽ ചീഫ് ജസ്റ്റിസിന്‍റെ ഉൾപ്പെടെ വിരമിക്കൽ പ്രായം 65ൽ നിന്നും 70ലേക്ക് ആക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Summary- The next few months are very crucial for India's top court as it will see three different Chief Justices of India serving as the top judge of the country within a short duration of three months