വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകുന്നവര്‍ക്കും പ്രസവാവധിക്ക് അവകാശമുണ്ട്: ഒഡിഷ ഹൈക്കോടതി
2020ൽ സമർപ്പിച്ച ഹരജി ജൂൺ 25നാണ് പരിഗണിച്ചത്
ഭുവനേശ്വര്‍: വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകുന്നവര്‍ക്കും മറ്റ് അമ്മമാരെപ്പോലെ പ്രസവാവധിക്കും മറ്റ് ആനുകൂല്യങ്ങൾക്കും അവകാശമുണ്ടെന്ന് ഒഡിഷ ഹൈക്കോടതി. ഒഡീഷ ഫിനാൻസ് സർവീസ് (OFS) ലെ വനിതാ ഉദ്യോഗസ്ഥയായ സുപ്രിയ ജെന നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് എസ്.കെ പാനിഗ്രഹിയുടെ സിംഗിൾ ജഡ്ജി ബെഞ്ചിന്‍റെ വിധി. 2020ൽ സമർപ്പിച്ച ഹരജി ജൂൺ 25നാണ് പരിഗണിച്ചത്.
വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായ ജെനക്ക് മേലുദ്യോഗസ്ഥന്‍ 180 ദിവസത്തെ പ്രസവാവധി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ജെന സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്വാഭാവിക പ്രസവധാരണത്തിലും കുഞ്ഞിനെ ദത്തെടുക്കുന്ന സാഹചര്യത്തിലും സർക്കാർ ഉദ്യോഗസ്ഥർക്ക് 180 ദിവസത്തെ പ്രസവാവധി അനുവദിക്കുന്നതിനാല്‍ വാടക ഗർഭധാരണത്തിലൂടെ അമ്മമാരാകുന്ന വനിത ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു.''ദത്തെടുക്കുന്ന അമ്മമാര്‍ക്ക് പ്രസവാവധി നൽകാൻ സർക്കാരിന് കഴിയുമ്പോള്‍, വാടക ഗർഭധാരണ രീതിയിലൂടെ കുഞ്ഞിന് ജന്മം നൽകിയ അമ്മയ്ക്കും പ്രസവാവധി നൽകാൻ വിസമ്മതിക്കുന്നത് തികച്ചും അനുചിതമാണ്'' കോടതി പറഞ്ഞു.
''വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായവര്‍ക്ക് പ്രസവാവധി നൽകുന്നത് അവരുടെ കുട്ടിക്ക് സുസ്ഥിരവും സ്‌നേഹമുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ ആവശ്യമായ സമയമുണ്ടെന്ന് ഉറപ്പാക്കുകയും അമ്മയുടെയും കുഞ്ഞിൻ്റെയും ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു'' ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് മാസത്തിനകം ഹരജിക്കാരന് 180 ദിവസത്തെ പ്രസവാവധി അനുവദിക്കണമെന്ന് ഒഡിഷ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.വാടക ഗർഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ക്കും അമ്മമാര്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പിനും കോടതി നിർദേശം നൽകി.