മൂന്ന് ദിവസത്തിനുള്ളിൽ 24 എംപിമാർ പുറത്ത്; രാപ്പകൽ സമരവുമായി പ്രതിപക്ഷ എംപിമാർ
50 മണിക്കൂർ നീണ്ടു നിൽക്കുന്ന റിലേ സമരം പാർലമെൻറിനരികിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ആരംഭിച്ചു
ന്യൂഡൽഹി: എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിപക്ഷ എംപിമാരുടെ രാപ്പകൽ സമരം. 50 മണിക്കൂർ നീണ്ടു നിൽക്കുന്ന റിലേ സമരം പാർലമെൻറിനരികിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ആരംഭിച്ചു. ലോകസഭയിലും രാജ്യസഭയിലുമായി 24 എംപിമാർക്ക് സസ്‌പെൻഷൻ നടപടി നേരിടേണ്ടിവന്നിരുന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യസഭയിലെ 20 പ്രതിപക്ഷ എംപിമാരെ പുറത്താക്കുകയായിരുന്നു. സഭയിൽനിന്ന് മൂന്ന് ദിവസത്തിനുള്ളിൽ പുറത്തായത് 24 എംപിമാരാണ്. ഏറ്റവുമൊടുവിൽ രാജ്യസഭയിൽനിന്ന് ആം ആദ്മി എംപി സഞ്ജയ് സിംഗിനെയാണ് സസ്‌പെൻഡ് ചെയ്തത്.
സഭയിൽ പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു നടപടി. മലയാളി എം.പിമാരായ എ.എ റഹീം, വി. ശിവദാസൻ, പി. സന്തോഷ്‌കുമാർ ഉൾപ്പെടെ 11 അംഗങ്ങൾക്കാണ് രാജ്യസഭാ സസ്‌പെൻഷൻ നേരിട്ടത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഒരാഴ്ചത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. രാജ്യസഭയിൽ വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി പ്രതിഷേധം കടുപ്പിച്ചതിനു പിന്നാലെയാണ് നടപടി. മോശം പെരുമാറ്റം ആരോപിച്ചാണ് എം.പിമാരെ സഭാ സമ്മേളനത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നത്.
ലോകസഭയിൽ പ്രതിഷേധിച്ചതിന് ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ നാല് കോൺഗ്രസ് എം.പിമാരെ സസ്പെൻഡ് ചെയ്തിരുന്നു. മാണിക്യം ടാഗോർ, ജ്യോതി മണി എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റ് എം.പിമാർ. സഭാ കാലയളവ് വരെയാണ് സസ്പെൻഷൻ തുടരുക. പാർലമെന്റിൽ രണ്ടാം ആഴ്ചയും കനത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. വിലക്കയറ്റം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ഇന്ന് പ്രതിപക്ഷം ഉയർത്തിയത്. പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധം കനത്തതോടെയായിരുന്നു സ്പീക്കർ ഓം ബിർല കർശനമായ നടപടി സ്വീകരിച്ചത്.
അതേസമയം, പ്രതിഷേധം ഒഴിവാക്കിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. ലോക്‌സഭയിലെ 4 പേരുടെ സസ്പെൻഷൻ പിൻവലിക്കാമെന്നാണ് കേന്ദ്രം വാഗ്ദാനം ചെയ്തിരിക്കുന്നത്. ജിഎസ്ടി വർധനയിൽ ചർച്ചയ്ക്ക് തയാറെന്നും കേന്ദ്രസർക്കാർ അറിയിച്ചു.