'ശരദ് പവാറിനോടും ഉദ്ധവിനോടും ജനങ്ങൾക്ക് സഹതാപം, എൻ.ഡി.എയ്ക്ക് എളുപ്പമാവില്ല': അജിത് പവാർ വിഭാഗം നേതാവ് ഭുജ്ബൽ
''ശിവസേന, എൻ.സി.പി പിളർപ്പിനെ തുടർന്നുണ്ടായ സാഹചര്യങ്ങൾ ഉദ്ധവ് താക്കറെക്കും ശരദ് പവാറിനും അനുകൂലമായ സഹതാപതരംഗം സൃഷ്ടിക്കും''
മുംബൈ: 2014ലും 19ലും പോലെ മഹാരാഷ്ട്രയിൽ എൻ.ഡി.എയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്നും ശരദ് പവാറിനോടും ഉദ്ധവ് താക്കറെയോടും ജനങ്ങൾക്ക് സഹതാപമുണ്ടെന്നും അജിത് പവാര്‍ വിഭാഗം എന്‍.സി.പിയുടെ മുതിർന്ന നേതാവും മന്ത്രിയുമായ ഛഗൻ ഭുജ്ബൽ. എൻ.ഡി.ടിവിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
400 സീറ്റുകൾ നേടുമെന്നുള്ള എൻ.ഡി.എയുടെ മുദ്രാവാക്യം ഭരണഘടന ഭേദഗതി ചെയ്യുമെന്ന് വോട്ടർമാരെ വിശ്വസിപ്പിച്ചു. ഇത് എന്‍.ഡി.എക്ക് ദോശമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മുതിര്‍ന്ന എന്‍.സി.പി നേതാവാണ് ഛഗൻ ഭുജ്ബൽ. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അജിത് പവാര്‍ നയിക്കുന്ന വിഭാഗത്തിനൊപ്പമാണ് ഭുജ്ബൽ പോയത്. ബി.ജെ.പിയുമായി കൈക്കോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രധാനിയുമായിരുന്നു ഇദ്ദേഹം.
''ഇവിടെ(മഹാരാഷ്ട്രയില്‍) ഉദ്ധവിനും ശരദ് പവാറിനും അനുകൂലമായൊരു സഹതാപ തരംഗമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇക്കാര്യം അവരുടെ റാലികളിൽ പ്രകടമാണ്. എന്നാല്‍ ജനങ്ങളുടെ വിശ്വാസം ഇപ്പോഴും നരേന്ദ്ര മോദിയിലാണെന്നും ശക്തമായൊരു സർക്കാർ രൂപീകരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുവെന്നും ഭുജ്പല്‍ പറഞ്ഞു.
400 സീറ്റുകൾ നേടുമെന്നുള്ള എൻ.ഡി.എയുടെ മുദ്രാവാക്യം ഗുണംചെയ്യില്ലെന്നാണ് ഭുജ്ബൽ പറയുന്നത്. ''ഭരണഘടന ശക്തമാണെന്നും ബി.ആർ അംബേദ്കറിന് പോലും അത് മാറ്റാൻ കഴിയില്ലെന്നും പ്രധാനമന്ത്രി മോദി നിരവധി തവണ പറഞ്ഞിട്ടുണ്ട്. ഈ സന്ദേശം ജനങ്ങളിലേക്ക് എത്ര എത്തിയെന്ന് അറിയാന്‍ ബാലറ്റ് പെട്ടികൾ തുറക്കുന്നത് വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹായുതി സ്ഥാനാർത്ഥിയായി(എന്‍.ഡി.എ) മത്സരിക്കാൻ നോക്കിയിരുന്ന ഭുജ്ബൽ, അടുത്തിടെ നാസിക്കിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിനെ തുടർന്ന് മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. അതേസമയം ഇവിടേക്കുള്ള സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പാർട്ടിയോട് അഭ്യർത്ഥിച്ചു. മെയ് 20ന് അഞ്ചാം ഘട്ടത്തിലാണ് നാസിക്കിൽ വോട്ടെടുപ്പ്.
2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും ശിവസേനയും സഖ്യമായാണ് മത്സരിച്ചത്. 23 സീറ്റുകളിൽ ബി.ജെ.പി വിജയിച്ചിരുന്നു. 18 മണ്ഡലങ്ങളിൽ ശിവസേനയും വിജയിച്ചു. ഉത്തർപ്രദേശിന് ശേഷം ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 2022ന് ശേഷമാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയം കലങ്ങി മറിയുന്നത്. എൻ.സി.പിയും ശിവസേനയും പിളർന്ന് ഒരു വിഭാഗം ബി.ജെ.പിക്കൊപ്പവും മറ്റൊന്ന് ഇൻഡ്യ സഖ്യത്തിനൊപ്പവുമാണ്.