ജയിലിൽ നിന്ന് ജീവനോടെ പുറത്തുവന്നത് അത്ഭുതമാണെന്ന് സായിബാബ
‘എൻ്റെ ആരോഗ്യം വളരെ മോശമാണ്, സംസാരിക്കാൻ കഴിയില്ല, ആദ്യം ചികിത്സ തേടണം അതിനു ശേഷമെ എനിക്ക് സംസാരിക്കാൻ കഴിയൂ’
നാഗ്പൂർ: ജയിലിൽ നിന്ന് ജീവനോടെ പുറത്തുവരാനായത് അത്ഭുതമാണെന്ന് ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജിഎൻ സായിബാബ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന സായിബാബയെ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് കുറ്റവിമുക്തനാക്കിയിരുന്നു. നാഗ്പൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതനായ സായിബാബ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
‘ജയിലിൽ നിന്ന് ജീവനോടെ പുറത്തുവന്നത് ഒരു അത്ഭുതമാണ്. എൻ്റെ ആരോഗ്യം വളരെ മോശമാണ് സംസാരിക്കാൻ കഴിയില്ല, ആദ്യം ചികിത്സ തേടണം അതിനു ശേഷമെ സംസാരിക്കാൻ കഴിയൂ. വ്യാഴാഴ്ച രാവിലെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സായിബാബ മാധ്യമങ്ങളോട് പറഞ്ഞു.
നീതി ലഭിക്കാനും സത്യവും വസ്തുതകളും പുറത്തുകൊണ്ടുവരാനും ഒപ്പം നിന്ന തൻ്റെ നിയമസംഘത്തോട് സായിബാബ നന്ദി പറഞ്ഞു.
ഒരിക്കലല്ല, രണ്ടുതവണയാണ് ഈ കേസിന് യാതൊരു നിയമപരമായ അടിത്തറയുമില്ലെന്ന് ഉന്നത കോടതികൾ പറഞ്ഞത്. എന്നിട്ടും ജയിലിലടച്ചവർ എന്റെയും എനിക്കൊപ്പം ജയിലിലടച്ചവരുടെയും പത്തുവർഷത്തെ ജീവിതമാണ് ഇരുട്ടിലാക്കിയത്. ഒരു പ്രൊഫസർ എന്ന നിലയിൽ,കഴിഞ്ഞ പത്ത് വർഷത്തോളം എന്നെ എൻ്റെ വിദ്യാർത്ഥികളിൽ നിന്ന് അകറ്റി.മനുഷ്യത്വരഹിതവും ക്രൂരവുമായ സാഹചര്യങ്ങളായിരുന്നു ജയിലിൽ. സ്വന്തമായി ചലിക്കാനാകുന്ന ആരോഗ്യഅവസ്ഥയിലായിരുന്നില്ല. ഒരാളുടെ താങ്ങില്ലാതെ ടോയ്‌ലറ്റിൽ പോകാനും കുളിക്കാനും പറ്റാതായി. ആരോഗ്യം കൂടുതൽ വഷളായി.അത്ഭുതമാണ് ജീവനോടെ ജയിലിൽ നിന്ന് പുറത്തു വന്നത്.2014 മെയിലാണ് സായിബാബയെ അറസ്റ്റ് ചെയ്തത്.