സെന്തിൽ ബാലാജിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കി തമിഴ്നാട് ഗവർണർ; അസാധാരണ നടപടി
വകുപ്പില്ലാ മന്ത്രിയായി സെന്തിൽ ബാലാജി മന്ത്രിസഭയിൽ തുടരുകയായിരുന്നു
ചെന്നൈ: അസാധാരണ നടപടിയുമായി തമിഴ്നാട് ഗവർണർ ആർ.എൻ.രവി. ഇ.ഡി അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കി. വകുപ്പില്ലാ മന്ത്രിയായി സെന്തിൽ ബാലാജി മന്ത്രിസഭയിൽ തുടരുകയായിരുന്നു. ഇ.ഡി കേസിൽ പ്രതിയായ സെന്തിൽ ബാലാജി മന്ത്രിസഭയിൽ തുടരുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പുറത്താക്കിയത്.
മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ചര്‍ച്ച ചെയ്യാതെയാണ് ഗവര്‍ണര്‍ അപൂര്‍വനീക്കം നടത്തിയത്. ഇതോടെ തമിഴ്നാട്ടിൽ ഗവർണറും സർക്കാരും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായഭിന്നത കൂടുതൽ രൂക്ഷമാകും. കോഴക്കേസ്, കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ആരോപണങ്ങൾ നേരിടുന്നയാൾ മന്ത്രിസഭയിൽ തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കുമെന്ന് രാജ്ഭവന്റെ പത്രക്കുറിപ്പിൽ പറയുന്നു.
ജൂൺ 13നാണ് മന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. 18 മണിക്കൂറോളം ചോദ്യംചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗത്തിന് ചികിത്സയിലായ സെന്തിൽ ബാലാജിയെ ഇ.ഡിക്ക് ഇതുവരെയും ചോദ്യംചെയ്യാൻ കഴിഞ്ഞിട്ടില്ല. 20 ദിവസം കൂടി നിരീക്ഷണത്തിൽ തുടരണമെന്നാണ് കാവേരി ആശുപത്രി അധികൃതര്‍ വ്യതമാക്കിയത്.
2013–14ൽ ഗതാഗത മന്ത്രിയായിരിക്കെ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്, എൻജിനീയർ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്കെതിരായ കേസ്. കഴിഞ്ഞ മാസം, മന്ത്രിയുമായി ബന്ധമുളള സ്ഥാപനങ്ങളിലും വീടുകളിലും ആദായ നികുതി വകുപ്പ് എട്ടു ദിവസം പരിശോധന നടത്തിയിരുന്നു. ബാലാജിയുടെ ബാങ്ക് അക്കൗണ്ടിലെ 1.34 കോടി രൂപയും ഭാര്യയുടെ അക്കൗണ്ടിലെ 29.55 ലക്ഷം രൂപയും രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ആദായ നികുതി വകുപ്പിന്‍റെ റിപ്പോര്‍ട്ട്.