10 രൂപ നാണയങ്ങൾ മാത്രം ഉപയോഗിച്ച് ആറു ലക്ഷം രൂപയുടെ കാർ വാങ്ങി അധ്യാപകൻ; കാരണമിതാണ്...

ഏകദേശം അഞ്ച് മണിക്കൂർ എടുത്താണ് നാണയങ്ങൾ എണ്ണത്തീർത്തത്

Update: 2022-06-20 03:46 GMT
Editor : Lissy P | By : Web Desk
Advertising

ചെന്നൈ: രണ്ട് ചാക്ക് നാണയങ്ങളുമായാണ് തമിഴ്‌നാട്ടിലെ ധർമ്മപുരിയിലെ അധ്യാപകൻ കാർ ഷോറൂമിലേക്ക് കയറിചെല്ലുന്നത്. ചാക്കുകൾ തുറന്ന് നോക്കിയ ജീവനക്കാരും ഞെട്ടി. അതിൽ മുഴുവൻ 10 രൂപയുടെ നാണയങ്ങൾ. പൊതുവെ 10 രൂപയുടെ നാണയങ്ങൾ കൊണ്ടുനടക്കാൻ പലർക്കും മടിയാണ്.  അതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ അനുഭവിച്ച വ്യക്തി കൂടിയാണ് ധർമ പുരിയിലെ പ്ലേ സ്‌കൂൾ അധ്യാപകൻ കൂടിയായ വെട്രിവേൽ.

അദ്ദേഹത്തിന്റെ അമ്മ വീടിനടുത്ത് കട നടത്തുകയാണ്. എന്നാൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ 10 രൂപയുടെ നാണയങ്ങൾ എടുക്കാൻ പലപ്പോഴും വിസമ്മതിച്ചു. കടയിൽ ആർക്കും വേണ്ടാതായ 10 രൂപയുടെ വലിയ കൂമ്പാരം തന്നെ വീട്ടിലുണ്ടായിരുന്നതായും അരൂർ സ്വദേശിയായ വെട്രിവേൽ പറയുന്നു. ഇതിന് പുറമെ ഒരിക്കൽ തന്റെ സ്‌കൂളിൽ കുട്ടികൾ 10 രൂപയുടെ നാണങ്ങൾ എറിഞ്ഞ് കളിക്കുന്നതും വെട്രിവേലിന്റെ ശ്രദ്ധയിൽ പെട്ടു. ഇതിനെ കുറിച്ച് രക്ഷിതാക്കളോട് ചോദിക്കുകയും ചെയ്തു. ആർക്കും ആവശ്യമില്ലാത്തതിനാൽ കുട്ടികൾക്ക് കളിക്കാൻ കൊടുത്തു എന്നായിരുന്നു രക്ഷിതാക്കളുടെ മറുപടി. ഈ സംഭവങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചു.

10 രൂപ നാണയത്തിനോടുള്ള ആളുകളുടെ ഇടയിലെ തെറ്റിദ്ധാരണ മാറ്റുക എന്ന ചിന്ത മനസിലേക്ക് വന്നത് അങ്ങനെയാണെന്നും 10 രൂപ നാണയങ്ങൾ മാത്രം ഉപയോഗിച്ച് ഒരു കാർ വാങ്ങി അവബോധം സൃഷ്ടിക്കാൻ തീരുമാനിച്ചതെന്നും വെട്രിവേൽ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. തുടർന്നാണ് ആളുകളുടെ കൈയിൽ നിന്ന് 10 രൂപയുടെ നാണയം ശേഖരിക്കാൻ തുടങ്ങിയത്. നാണയത്തിന് പകരം 10 രൂപയുടെ നോട്ടുകൾ തിരിച്ചുനൽകി. ഏകദേശം ഒരുമാസത്തോളമെടുത്താണ് അദ്ദേഹം ആറ് ലക്ഷം രൂപ ശേഖരിച്ചത്. നാണയം എടുത്ത് കാർ നൽകാൻ ആദ്യം ഷോറൂമുകാർ വിസമ്മതിച്ചു. എന്നാൽ വെട്രിവേലിന്റെ നിശ്ചയദാർഢ്യം മനസിലാക്കി ഷോറൂമുകാർ കാർ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഏകദേശം അഞ്ച് മണിക്കൂർ എടുത്താണ് ജീവനക്കാർ നാണയങ്ങൾ എണ്ണത്തീർത്തത്.

ബന്ധുക്കളോടൊപ്പം എത്തിയാണ് വെട്രിവേൽ കാർ വാങ്ങാനെത്തിയത്.' ജീവിതത്തിൽ ഒരു രൂപ പോലും വിലപ്പെട്ടതാണ്. ബാങ്കുകളിൽ നാണയങ്ങൾ കൊടുത്താൽ പോലും എണ്ണിത്തിട്ടപ്പെടുത്താൻ ആളില്ല എന്ന് പറഞ്ഞ് അവരും മടക്കി അയച്ചതായും വെട്രിവേല്‍ പറയുന്നു.' നാണയങ്ങൾ വിലപ്പോവില്ലെന്ന് റിസർവ് ബാങ്ക് പറയാത്തപ്പോൾ എന്തുകൊണ്ടാണ് ബാങ്കുകൾ അവ സ്വീകരിക്കാത്തത്? ഞങ്ങൾ പരാതിപ്പെട്ടാലും നടപടിയൊന്നും എടുക്കുന്നില്ല'. ഇനിയെങ്കിലും പത്ത് രൂപ നാണയം റിസർവ് ബാങ്ക് നിർത്തിയെന്ന പ്രചാരണം തെറ്റാണെന്ന് ജനങ്ങൾ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News