കോവിഡ് നിയമലംഘനം; പത്തുദിവസത്തിനിടെ തമിഴ്‌നാട് പൊലീസിന് പിഴയായി ലഭിച്ചത് 3.45 കോടി രൂപ
ചെന്നൈ നഗരത്തിൽ നിന്ന് മാത്രം 86 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് പത്തുദിവസത്തിനിടെ തമിഴ്‌നാട് പൊലീസ് പിരിച്ചെടുത്തത് 3.45 കോടി രൂപ. ജനുവരി ഏഴുമുതൽ കോവിഡ് മാനദണ്ഡങ്ങൾ, രാത്രി കർഫ്യു, ഞായറാഴ്ചയിലെ പൂർണ ലോക്ഡൗൺ എന്നിവ ലംഘിച്ചതിനാണ് പിഴ ഈടാക്കിയത്. മാസ്‌ക് ധരിക്കാത്തതിന് 1.64 ലക്ഷത്തിലധികം ആളുകൾക്കും സാമൂഹിക അകലം പാലിക്കാത്തതിന് 2,000 ത്തിലധികം ആളുകൾക്കും പിഴ ചുമത്തി.പൊതു സ്ഥലങ്ങളിൽ അനാവശ്യമായി തിക്കും തിരക്കും വരുത്തിയതിന് 1,552 പേർക്കും പിഴ ചുമത്തി.
തലസ്ഥാന നഗരിയായ ചെന്നൈയിൽ മാത്രം രാത്രി കർഫ്യൂ ലംഘിച്ചതിന് 300 വാഹനങ്ങൾ പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്.ശനിയാഴ്ച രാത്രി 10 മുതൽ ഞായറാഴ്ച പുലർച്ചെ അഞ്ചു വരെ നഗരത്തിൽ പട്രോളിംഗ് നടത്തിയ ഉദ്യോഗസ്ഥർ രാത്രി കർഫ്യൂ ലംഘിച്ചതിന് 103 കേസുകൾ രജിസ്റ്റർ ചെയ്യുകയും 307 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ചെന്നൈ നഗരത്തിൽ നിന്ന് മാത്രം മാസ്‌ക് ധരിക്കാത്തവരിൽ നിന്നും പൊതുസ്ഥലങ്ങളിൽ കോവിഡ് 19 നിയന്ത്രണങ്ങൾ ലംഘിച്ചവരിൽനിന്നും ആയ 86 ലക്ഷം രൂപ പിഴ ഈടാക്കി.43,417 പേരാണ് പിഴ അടക്കേണ്ടി വന്നത്.