കേന്ദ്രം വെട്ടിയ ടാബ്ലോ ആഘോഷമാക്കി തമിഴ്നാട്; വേറിട്ട പോരാട്ടവുമായി സ്റ്റാലിന്‍

മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതോടെ ടാബ്ലോയുടെ പര്യടനം തുടങ്ങി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കും.

Update: 2022-01-26 09:41 GMT
Advertising

കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ച ടാബ്ലോ സംസ്ഥാനത്തെ റിപബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിച്ച് തമിഴ്നാട്. ഡല്‍ഹിയിലെ പരേഡില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ സ്വാതന്ത്ര സമര സേനാനികളുടെ ടാബ്ലോയാണ് സംസ്ഥാന തലത്തില്‍ പ്രദര്‍ശിപ്പിച്ചത്.

ഗവര്‍ണര്‍ ആര്‍.എന്‍ രവി പങ്കെടുത്ത വേദിയിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം നടന്നത്. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതോടെ ടാബ്ലോയുടെ പര്യടനം തുടങ്ങി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കും. ടാബ്ലോയെ ഒഴിവാക്കിയതിലൂടെ തമിഴ്നാടിനെ കേന്ദ്രം അപമാനിച്ചെന്നാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ നിലപാട്.

ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ സമരം ചെയ്ത ശിവഗംഗ രാജ്ഞി റാണി വേലു നാച്ചിയാര്‍, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആയുധശാലയില്‍ ചാവേറായ പൊട്ടിത്തെറിച്ച കുയിലി എന്ന സൈനിക, ബ്രിട്ടീഷുകാർക്ക് പേടിസ്വപ്നമായിരുന്ന വീരപാണ്ഡ്യ കട്ടബൊമ്മൻ, വീരപാണ്ഡ്യ കട്ടബൊമ്മന്റെ സൈന്യാധിപനായിരുന്ന വീരൻ സുന്ദരലിംഗം, ഒറ്റയാള്‍ പോരാളി ഒണ്ടിവീരൻ, സാമൂഹ്യപരിഷ്കര്‍ത്താവ് മഹാകവി ഭാരതീയാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ടാബ്ലോയ്ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്.

തമിഴ്നാടിന്‍റെ ടാബ്ലോ ഉള്‍പ്പെടുത്തണമെന്ന് സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. എന്നാല്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചത് അവസാന റൌണ്ടിലേക്ക് ഈ ടാബ്ലോ തെരഞ്ഞെടുക്കപ്പെട്ടില്ല എന്നാണ്. കാരണം പോലും അറിയിക്കാതെയാണ് ടാബ്ലോയ്ക്ക് അനുമതി നിഷേധിച്ചത് എന്നാണ് തമിഴ്നാട് സര്‍ക്കാരിന്‍റെ പരാതി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News