ഒരു കുപ്പി മദ്യം പോലും വിറ്റില്ല; എന്നിട്ടും തെലങ്കാന എക്‌സൈസിന് ലഭിച്ചത് 2600 കോടി രൂപ!

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം 87,000 അപേക്ഷകളാണ് എക്‌സൈസ് വകുപ്പിന് ലഭിച്ചത്

Update: 2023-08-21 04:49 GMT
Editor : Lissy P | By : Web Desk
Advertising

തെലങ്കാന: ഉത്സവ സീസണായാൽ എല്ലാ സംസ്ഥാനത്തെയും എക്‌സൈസ് വകുപ്പിന് കോടികളാണ് വരുമാനം ലഭിക്കാറ്. എന്നാൽ ഒരു കുപ്പി മദ്യം പോലും വിൽക്കാതെ കോടികൾ വരുമാനം ലഭിച്ചാലോ? അത്ഭുതപ്പെടേണ്ട..സംഭവം സത്യമാണ്. തെലങ്കാന എക്‌സൈസ് വകുപ്പിനാണ് ഒരു തുള്ളി മദ്യം പോലും വിൽക്കാതെ 2,639 കോടി രൂപ ലഭിച്ചത്.

സംസ്ഥാനത്തെ 2,620 മദ്യശാലകൾ അനുവദിക്കുന്നതിന് എക്‌സൈസ് വകുപ്പ് അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷാ ഫീസിൽ രണ്ടു ലക്ഷം രൂപ റീഫണ്ട് നൽകില്ലെന്ന് 2023-25ലെ പുതിയ മദ്യനയത്തിലുണ്ട്. ഏകദേശം 1.32 ലക്ഷം പേരാണ് പുതിയ മദ്യശാലക്കായി അപേക്ഷ നൽകിയത്. ഇവരിൽ നിന്നാണ് 2,639 കോടി രൂപയോളം എക്‌സൈസിന് ലഭിച്ചത്.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 18 ആയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ എക്‌സൈസ് ഓഫീസുകളിൽ അപേക്ഷ നൽകാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം 87,000 അപേക്ഷകളാണ് എക്‌സൈസിന് ലഭിച്ചത്. സരൂർനഗറിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്. 10,908 പേരാണ് ഇവിടെ അപേക്ഷിച്ചത്. ഷംഷാബാദിൽ 10,811 അപേക്ഷകൾ ലഭിച്ചു. കുമ്രംഭീം ആസിഫാബാദിലാണ് ഏറ്റവും കുറവ്, 967 അപേക്ഷകളാണ് ഇവിടെ ലഭിച്ചത്.

ഓരോ മദ്യശാലക്കും വേണ്ടി ഏകദേശം 50 ഓളം പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. നറുക്കെടുപ്പിലൂടെയായിരിക്കും മദ്യശാലകൾ അനുവദിക്കുക. 2023 ഡിസംബർ 1 മുതൽ 2025 നവംബർ വരെ കടകൾക്ക് ലൈസൻസ് നൽകും. മദ്യശാല അനുവദിക്കുന്ന പ്രദേശത്തെ ജനസംഖ്യ അനുസരിച്ച് 50 ലക്ഷം മുതൽ 1.1 കോടി രൂപ വരെയാണ് വാർഷിക ലൈസൻസ് ഫീസ്. യോഗ്യരായ അപേക്ഷകർ ഒരു വർഷത്തേക്ക് തുകയുടെ 25 ശതമാനം എക്‌സൈസ് നികുതിയായി സമർപ്പിക്കണം. പ്രതിവർഷം അഞ്ചുലക്ഷം രൂപയാണ് പ്രത്യേക റീട്ടെയിൽ എക്‌സൈസ് നികുതി. നിലവിലെ ലൈസൻസുകൾക്ക് നവംബർ 30 വരെ കാലാവധിയുണ്ട്. എന്നാൽ നവംബർ മുതൽ ഡിസംബർ വരെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുള്ളതിനാൽ ടെൻഡർ നടപടികൾ സംസ്ഥാന സർക്കാർ വളരെ നേരത്തെ ആരംഭിച്ചിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News